കൂട്ടഅവധിയെടുത്ത് തൊഴിലാളികള്‍ യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുത്തു കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയില്‍ 15 സര്‍വ്വീസുകള്‍ മുടങ്ങി

Tuesday 26 July 2016 9:18 pm IST

പൊന്‍കുന്നം: പൊന്‍കുന്നം കെഎസ്ആര്‍ടിസി ഡിപ്പോയിലെ സിഐടിയു യൂണിയനില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ യൂണിറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൂട്ടഅവധിയെടുത്തു. ഇതുമൂലം 15 ഓളം സര്‍വ്വീസുകള്‍ മുടങ്ങി. ഡിപ്പോയിലെ ആകെയുള്ള 38 സര്‍വ്വീസുകളില്‍ 23 സര്‍വ്വീസുകള്‍ മാത്രമാണ് അധികൃതര്‍ക്ക് നടത്താന്‍ സാധിച്ചത്. ഡ്രൈവര്‍മാരുടെ അഭാവമാണ് സര്‍വ്വീസുകള്‍ മുടങ്ങാന്‍ കാരണമായത്. ഇതുമൂലം ഡ്യൂട്ടിക്കെത്തിയ കണ്ടക്ടര്‍മാര്‍ പലരും മടങ്ങിപ്പോകേണ്ടിവന്നു. പാലാ, ഈരാറ്റുപേട്ട ഡിപ്പോകളിലെ ജിവനക്കാരെ വിളിച്ചുവരുത്തിയാണ് സര്‍വ്വീസുകള്‍ പലതും നടത്തിയത്. സര്‍വ്വീസുകള്‍ പലതും മുടങ്ങിയത് യാത്രക്കാരെ ഏറെ വലച്ചു. മിക്കജീവനക്കാരെയും യൂണിയന്‍ നേതാക്കാള്‍ ഇടപെട്ട് നിര്‍ബന്ധിച്ച് അവധിയെടുപ്പിച്ചെന്ന് ആക്ഷേപം ഉയര്‍ന്നു. 6 ബസുകള്‍ സര്‍വ്വീസ് നടത്തുന്ന പുനലൂര്‍-കാഞ്ഞിരപ്പള്ളി ചെയിന്‍ സര്‍വ്വീസില്‍ 5 സര്‍വ്വീസും മുടങ്ങി. പാലാ-പൊന്‍കുന്നം ചെയിന്‍ സര്‍വ്വീസില്‍ 4 എണ്ണവും മുടങ്ങി. ലാഭത്തിലോടുന്ന 6.20 തെക്കേമല, 6.30 മേലോരം, 6.40 എടത്വ, 8.00 കായംകുളം, 12.00 മണിമല സ്റ്റേ സര്‍വ്വീസ്, ഉച്ചയ്ക്ക് 1 മണിക്കുള്ള പാണത്തൂര്‍ സര്‍വ്വീസുകളും മുടങ്ങിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നേരാംവണ്ണം സര്‍വീസ് നടത്തിയാല്‍ പൊന്‍കുന്നം ഡിപ്പോയും എരുമേലി ഓപ്പറേറ്റിംങ് സെന്ററും ലാഭത്തിലാകുമെന്ന് ജീവനക്കാര്‍ പറയുന്നതിനിടെയാണ് സര്‍വ്വീസ് മുടക്കിയുള്ള തൊഴിലാളികളുടെ യൂണിയന്‍ പ്രവര്‍ത്തനമെന്ന് യാത്രക്കാര്‍ ആരോപിച്ചു. കോര്‍പറേഷനെ രക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി അധികൃതര്‍ നടത്തുന്ന വരുമാനവാരാചരണ കാലയളിവില്‍തന്നെ ഭരണകക്ഷി യൂണിയന്‍ നടത്തിയ കൂട്ടഅവധിയെടുപ്പ് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജൂലൈ 25 മുതല്‍ 31 വരെയാണ് വരുമാനവര്‍ദ്ധനവാരാചണം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.