ദമ്പതികളെക്കുറിച്ച് ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചു

Tuesday 26 July 2016 9:57 pm IST

തൃശൂര്‍: ഒല്ലൂര്‍ മരത്താക്കരയില്‍ നിന്നു കഴിഞ്ഞ ദിവസം തമിഴ്‌നാട് ക്യുബ്രാഞ്ച് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സ്വദേശികളും ദമ്പതികളുമായ രാജന്‍ (55), സുമതി (45) എന്നിവര്‍ ഒരു മാസത്തോളമായി ഒല്ലൂരില്‍ ക്യാമ്പ് ചെയ്തിരുന്നുവെന്ന് സൂചന. ഇതേത്തുടര്‍ന്നാണ് തമിഴ്‌നാട് ക്യുബ്രാഞ്ച് ഇവരെ കസ്റ്റഡിയിലെടുത്തത്. രാജനും സുമതിയും കേരളത്തിലുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഒല്ലൂരിലെത്തിയ ശേഷം കോളനിവാസികള്‍ക്ക് ഇരുവരുടേയും ഫോട്ടോ കാണിച്ചുകൊടുത്ത് തിരിച്ചറിഞ്ഞതിനുശേഷമാണ് വീടുവളഞ്ഞ് പിടികൂടിയത്. ഇതില്‍ രാജനെതിരെ തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ ഉള്ളതായാണ് പറയുന്നത്. എന്നാല്‍, ഇവര്‍ക്ക് മാവോവാദികളുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും സൂചന. ഒല്ലൂര്‍, മരത്താക്കര, ശാന്തിനഗര്‍ കോളനിയിലാണ് ഇവര്‍ ഒറ്റമുറി വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. കൂലിപ്പണിയെടുത്തായിരുന്നു ജീവിതം. 2010മുതല്‍ രാജനെ കാണ്മാനില്ലെന്ന പരാതി തമിഴ്‌നാട് പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് അന്നുമുതല്‍ രാജനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു അവര്‍. രാജന്റെ കാലിന് ചെറിയൊരു വൈകല്യമുണ്ട്. ഇത് എങ്ങനെ സംഭവിച്ചുവെന്നും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒല്ലൂരില്‍ താമസിക്കുന്നിടത്ത് അവര്‍ക്ക് സമീപവാസികളുമായി അടുത്തബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു. സംഭവത്തെക്കുറിച്ച് സംസ്ഥാന ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.