കേസെടുക്കാന്‍ നിയമോപദേശം തേടും

Wednesday 27 July 2016 7:54 am IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദപ്രസംഗം പരിശോധിക്കാനും നിയമോപദേശം തേടാനും തീരുമാനം. പ്രസംഗം പരിശോധിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രത്യേക സംഘത്തെ നിയോഗിച്ചു. വിവാദ പ്രസംഗത്തില്‍ അന്വേഷണം നടത്തുന്നതിന്റെയും കേസെടുക്കുന്നതിന്റെയും നിയമവശങ്ങള്‍ ആരായുന്നതിനാണ് നിയമോപദേശം തേടുക. ബിജെപി പ്രതിനിധി സംഘം പരാതി നല്‍കിയതും വിവാദ പ്രസംഗത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിലപാടിന്റെയും പശ്ചാത്തലത്തിലാണ് ഡിജിപി നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. വിവാദ പ്രസംഗത്തിനുമേല്‍ പോലീസ് യാതൊരു പരിശോധനയും നടത്തിയില്ലെങ്കില്‍ ഈ ആവശ്യവുമായി ബിജെപി ഹൈക്കോടതിയെ സമീപിച്ചാല്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനമുണ്ടാകും. ഇത് മുന്‍കൂട്ടി കണ്ടാണ് ഡിജിപി മുഖംരക്ഷിക്കാന്‍ നീക്കം നടത്തുന്നത്. സിപിഎമ്മിനോടു കളിച്ചാല്‍ കണക്കുതീര്‍ക്കുമെന്ന വിവാദ പ്രസംഗം കഴിഞ്ഞ ദിവസം പയ്യന്നൂരിലാണ് കോടിയേരി നടത്തിയത്. ആക്രമിക്കാന്‍ വന്നവനോട് കണക്കുതീര്‍ക്കണമെന്നും വയലില്‍ പണിക്ക് വരമ്പത്ത് കൂലിയെന്നും ആക്രമിക്കാന്‍ വന്നാല്‍ വന്നതുപോലെ തിരിച്ചുപോവില്ല എന്ന് ഒരോ ഗ്രാമവും തീരുമാനിക്കണമെന്നുമായിരുന്നു കോടിയേരിയുടെ ആഹ്വാനം. കോടിയേരിയെ പിന്തുണച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും രംഗത്തുവന്നു. കോടിയേരിയുടെ പ്രസംഗം കലാപത്തിനുള്ള ആഹ്വാനമാണെന്നും കോടിയേരിക്കെതിരെ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിരുന്നു. കോടിയേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ബിജെപി പ്രതിനിധി സംഘം ഡിജിപിയെ നേരില്‍ കണ്ടും പരാതി നല്‍കിയിരുന്നു. നിയമനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫും ആവശ്യപ്പെട്ടു. കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു. വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമാവുകയും പ്രസ്താവന കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും എന്ന സ്ഥിതി വന്നതോടെയാണ് പ്രസ്താവന സംബന്ധിച്ച് നിയമോപദേശം തേടാന്‍ ഡിജിപി തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.