ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി ഡിഫ്തീരിയ സ്ഥിതീകരിച്ചു

Wednesday 27 July 2016 9:49 am IST

മലപ്പുറം: ഡിഫ്തീരിയ രോഗ ലക്ഷണങ്ങളോടെ ജില്ലയില്‍ നിന്ന് മൂന്ന് പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുളിക്കല്‍, പടിഞ്ഞാറ്റുമുറി, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ ഡിഫ്തീരിയ കേസുകള്‍ രണ്ട് മരണം ഉള്‍പ്പെടെ 72 ആയി. ജില്ലയുടെ ആരോഗ്യസ്ഥിതി വഷളായപ്പോഴാണ് ആരോഗ്യമന്ത്രി തന്നെ നേരിട്ടെത്തി അടിയന്തിര യോഗം ചേര്‍ന്നത്. വിശദമായി ചര്‍ച്ച ചെയ്തപ്പോള്‍ ജില്ലയില്‍ കാര്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്ന് വ്യക്തമായി. എന്തായാലും മൂന്ന് മാസത്തിനകം എല്ലാം ശരിയാക്കുമെന്നാണ് മന്ത്രി പറയുന്നത്. 15 ആരോഗ്യ ബ്ലോക്കുകളില്‍ ചുങ്കത്തറ, മാറഞ്ചേരി ഒഴികെയുള്ള ബ്ലോക്കുകളില്‍ നിന്നും ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം എട്ട് ബ്ലോക്കുകളില്‍ നിന്ന് മാത്രമാണ് ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ വരെ ആകെ 66 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ട് പേര്‍ മരിച്ചു. കൊണ്ടോട്ടി, വളവന്നൂര്‍ ബ്ലോക്കുകളിലാണ് ഒന്ന് വീതം മരണം റിപ്പോര്‍ട്ട് ചെയ്തത്. 18 കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് എണ്ണം കൊണ്ടോട്ടി ബ്ലോക്കിലാണ്. വളവന്നൂര്‍ രണ്ട്, ഓമന്നൂര്‍ രണ്ട്, വണ്ടൂര്‍, നെടുവ, പൂക്കോട്ടൂര്‍, എടവണ്ണ, മേലാറ്റൂര്‍ ഒന്ന് വീതം. 2016ല്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് ജൂണ്‍ ഏഴിന് താനൂരിലാണ്. കൊണ്ടോട്ടി, വെട്ടം, വളവന്നൂര്‍, വേങ്ങര, കുറ്റിപ്പുറം, മങ്കട, നെടുവ, ഓമാനൂര്‍ എന്നിവിടങ്ങള്‍ ഹൈ റിസ്‌ക് ഏരിയകളായി കണക്കാക്കിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.