105 കുപ്പി മാഹിമദ്യവുമായി പിടിയില്‍

Wednesday 27 July 2016 2:54 pm IST

കോഴിക്കോട്: വില്പനക്കെത്തിച്ച 105 കുപ്പി മാഹി മദ്യവുമായി ഒരാള്‍ പിടിയില്‍. ഫറോക്ക് എക്‌സൈസ് റെയ്ഞ്ച് സംഘം നടത്തിയ രാത്രികാല വാഹന പരിശോധനക്കിടയിലാണ് തിരുവണ്ണൂരില്‍ വെച്ച് മദ്യവുമായി ഒരാളെ പിടികൂടിയത്. കല്ലായി നെല്ലോളിപ്പാലം വീട്ടില്‍ ശശീന്ദ്രബാബു(54)ആണ് പിടിയിലായത്. 52.500 ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. മദ്യം കടത്താനുപയോഗിച്ച കെഎല്‍ 56-ബി 9551 നമ്പറിലുള്ള ഹോണ്ട ഏവിയേറ്റര്‍ വാഹനവും പിടികൂടിയിട്ടുണ്ട്. മാങ്കാവ്, കല്ലായി ഭാഗങ്ങളിലുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും മത്സ്യബന്ധന തൊഴിലാളികള്‍ക്കുമാണ് ഇയാള്‍ മുഖ്യമായും മദ്യം വിതരണം ചെയ്തിരുന്നതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. മാഹിയില്‍ നിന്ന് 100 മുതല്‍ 150 വരെ വിലയ്ക്കു വാങ്ങുന്ന മദ്യം 400 മുതല്‍ 500 രൂപവരെ വിലയ്ക്കാണ് വിറ്റഴിച്ചിരുന്നത്. മാഹിമദ്യം വന്‍തോതില്‍ ആവശ്യത്തിനനുസരിച്ച് കോഴിക്കോട് എത്തിച്ചുകൊടുക്കുന്ന സംഘത്തെക്കുറിച്ചും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. തീവണ്ടി മാര്‍ഗ്ഗം വെള്ളയില്‍, കല്ലായി, ഫറോക്ക് എന്നീ സ്റ്റേഷനുകളിലാണ് മദ്യമെത്തിക്കുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജോ ജെയിംസിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബി. യുഗേഷ്, സി.കെ. സതീശന്‍, എം. അബ്ദുല്‍ ഗഫൂര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.എം. മുഹമ്മദ് അസ്‌ലം, എന്‍. ശ്രീശാന്ത്, എന്‍.എസ്. സന്ദീപ്, എം.കെ. നിഷാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.