രണ്ടാംഘട്ട നവീകരണത്തിനൊരുങ്ങി മലമ്പുഴ ഉദ്യാനം

Sunday 9 April 2017 5:05 pm IST

സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രവും കേരളത്തിന്റെ ഉദ്യാനറാണിയുമായ മലമ്പുഴ രണ്ടാംഘട്ട നവീകരണത്തിനൊരുങ്ങുന്നു. മലമ്പുഴ ഗാര്‍ഡന്റെ ഒന്നാംഘട്ട നവീകരണത്തിനുശേഷം തയ്യാറെടുക്കുന്ന രണ്ടാംഘട്ട വികസനത്തിനെ 36 കോടിരൂപയുടെ പദ്ധതി രേഖ ജലസേചന വകുപ്പ് തയ്യാറാക്കി. 98 കോടി രൂപയുടെ വികസന പദ്ധതിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആദ്യഘട്ട വികസനത്തിന് 23 കോടി അനുവദിച്ചിരുന്നു. 2011ല്‍ ഒന്നാംഘട്ട നവീകരണം ഉദ്ഘാടനം ചെയ്തു. രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായി കുട്ടികളുടെ പാര്‍ക്ക് നവീകരണത്തിന് രണ്ട് കോടി മാറ്റിവച്ചിട്ടുണ്ട്. ഗാര്‍ഡന് പുറത്ത് പാര്‍ക്കിങ് ഏരിയ വികസനം രണ്ട് കോടി, ഗാര്‍ഡിനകത്തെ ടോയ്‌ലറ്റ് റിപ്പയര്‍ 15 ലക്ഷം, ജപ്പാന്‍ പാര്‍ക്ക് നവീകരണം 50 ലക്ഷം, ഗ്രീന്‍ഹൗസ്, കോണ്‍ക്രീറ്റ് പോളിഹൗസ് പുനര്‍നവീകരണം രണ്ട് കോടി, ആധുനിക മ്യൂസിക് ഫൗണ്ടന്‍ രണ്ട് കോടി, പ്ലാനിറ്റോറിയം അഞ്ച് കോടി, കൊമേഴ്‌സ്യല്‍ കോംപ്ലക്‌സ് എട്ട് കോടി, നൂതന ഫൗണ്ടന്‍ പ്രതിമ, മഴഷെല്‍ട്ടര്‍ രണ്ട് കോടി, ബീമര്‍ലൈറ്റ് -25ലക്ഷം, ഗാര്‍ഡന്‍ സംരക്ഷണത്തിന് പുതിയ ഉപകരണം- 50 ലക്ഷം, 16 ഡി തിയറ്റര്‍ - 1.50ലക്ഷം, ഗാര്‍ഡന് പുറത്ത് എസ്പിലൈന്‍ മൊട്ടക്കുന്നിന് മുകളില്‍ നിന്ന് വ്യൂപോയന്റ് 30ലക്ഷം, ഡാമിനകത്ത് തുരുത്ത് ആകര്‍ഷകമാക്കാന്‍ - രണ്ട് കോടി, നീന്തല്‍ക്കുളം, ഗാലറി, സ്‌പോര്‍ട്‌സ് അതോറിറ്റി സ്റ്റാന്‍ഡ് നിര്‍മാണം- അഞ്ച് കോടി, ഗാര്‍ഡനില്‍ വര്‍ണബള്‍ബുകള്‍ -മൂന്നുകോടി ഉള്‍പ്പെടെയാണ് രണ്ടാംഘട്ട നവീകരണരേഖയാണ് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. മലമ്പുഴ അണക്കെട്ട് മുതല്‍ മൊട്ടക്കുന്ന് വരെ തിരിച്ചും റോപ്പ്‌വേ നിര്‍മാണം എന്നിവയാണ് പുതിയ പദ്ധതികള്‍. ഒന്നാംഘട്ടത്തിന് ശേഷം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാണിച്ച അവഗണന കാരണം തുടങ്ങിയ പല പദ്ധതികളും നാശത്തിന്റെ വക്കിലായിരുന്നു. ഒന്നാം ഘട്ടത്തില്‍ 50ലക്ഷം മുടക്കി നവീകരിച്ച ടോയ് ട്രെയിന്‍ മൂന്ന് മാസമായി കട്ടപ്പുറത്താണ്. ചില്‍ഡ്രന്‍സ് പാര്‍ക്കിലെ കളി ഉപകരണങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നു. ചാരുപലകക്ക് താഴെ ആവശ്യത്തിന് മണലിടാത്തതിനാല്‍ ഊരികളിക്കുന്ന കുട്ടികള്‍ക്ക് തറയിലടിച്ച് മുറുവേല്‍ക്കുന്നത് നിത്യ സംഭവമാണ്. വാഹന പാര്‍ക്കിങ് പ്രവേശന കവാടത്തില്‍ സ്ഥാപിച്ച കെട്ടിടവും സിഗ്‌നല്‍ സംവിധാനവും പൊട്ടി പൊളിഞ്ഞ് നാശത്തിന്റെ വക്കിലാണ്. സുരക്ഷക്കായി സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടര്‍ ആറുമാസത്തിനുള്ളില്‍ കാറ്റില്‍ തകര്‍ന്നുവീണു. പ്രവേശന കവാടത്തില്‍ ടിക്കറ്റ് സ്‌ക്രാച്ച് ചെയ്താല്‍ പ്രവര്‍ത്തിക്കുന്ന ആധുനിക സിഗ്‌നല്‍ പ്രവര്‍ത്തിച്ചതാകട്ടെ രണ്ടുമാസം മാത്രം. വൈദ്യുതി ഉണ്ടാക്കാനായി സ്ഥാപിച്ച കാറ്റാടി യന്ത്രം നോക്കുകുത്തിയായിരിക്കുകയാണ്. ഗാര്‍ഡനകത്ത് സിസിടിവി മാസങ്ങളായി പ്രവര്‍ത്തനരഹിതമാണ്. നടപ്പാതകളില്‍ സ്ഥാപിച്ച ടൈലുകള്‍ തകര്‍ന്നു. മലിനജലം പുറത്ത് കളയാന്‍ സംവിധാനമില്ലാത്ത സ്വിമിങ് പൂളാണിവിടെയുള്ളത്. മഴപെയ്താല്‍ വെള്ളക്കെട്ട് കടന്നുവേണം ടിക്കറ്റ് കൗണ്ടറിലെത്താന്‍. അണക്കെട്ടിന് ചേര്‍ന്ന് റോസ് ഗാര്‍ഡന്‍ നിര്‍മിച്ചത് പാറക്കല്ലിന്റെ ചൂടില്‍ ഉണങ്ങിപ്പോയിരുന്നു. ചെടികള്‍ വയ്‌ക്കേണ്ട സ്ഥലത്ത് പുല്ലുവച്ചുപിടിപ്പിച്ച ഇറിഗേഷന്‍ അധികാരികള്‍ അടുത്ത ഫണ്ടിനായി സര്‍ക്കാരിലേക്ക് കൈ നീട്ടുമ്പോള്‍ ജനം ആശങ്കയിലാണ്. മലമ്പുഴ ഉദ്യാനത്തിന്റെ രണ്ടാംഘട്ട നവീകരണം പൂര്‍ത്തിയായി. പുതിയ സങ്കേതിക സംവിധാനത്തോടുകൂടിയുള്ള കളി ഉപകരണങ്ങളും മറ്റും പ്രവര്‍ത്തന സജ്ജമാകുന്നതോടെ രാജ്യത്തെ തന്നെ മികച്ച ടൂറിസം കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.