തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ലോകത്തിന്‌ മാതൃകയെന്ന്‌ എന്‍എസ്‌എസ്‌

Tuesday 5 July 2011 10:40 pm IST

കോട്ടയം : അധികാരവും സമ്പത്തും നിയന്ത്രണത്തിലാകുമ്പോള്‍ ദേവന്‌ കേവലസ്ഥാനം നല്‍കുന്ന ഭരണപാരമ്പര്യത്തില്‍നിന്നു വ്യത്യസ്തമായി, ദേവന്റെ ദാസരായി രാജ്യം ഭരിച്ച തിരുവിതാംകൂര്‍രാജാക്കന്മാര്‍ ലോകത്തിന്‌ മാതൃകയായിരുന്നുവെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവിച്ചു.
ദേവന്റെ ദാസനായി രാജ്യം ഭരിക്കുവാന്‍ മനസ്സുകാണിച്ച ലോകത്തിലെ ഏക രാജവംശം. രാജ്യവും, ഭരണവും, തങ്ങളെ തന്നെയും പത്മനാഭസ്വാമിക്ക്‌ സമര്‍പ്പിച്ച്‌ ദേവന്റെ ദാസനായി രാജ്യം ഭരിച്ച്‌ മഹനീയമാതൃക കാണിച്ച ഒരു രാജപരമ്പര. രാജഭരണത്തിലെ ജനാധിപത്യമാണ്‌ ഇവിടെ ദര്‍ശിക്കുവാന്‍ കഴിയുന്നത്‌. ജനാധിപത്യത്തില്‍ ജനങ്ങളുടെ ദാസരായി ഭരണം നിര്‍വ്വഹിക്കണം എന്നതാണ്‌ പ്രമാണം. പത്മനാഭദാസനാകുമ്പോഴും ഒരര്‍ത്ഥത്തില്‍ ജനങ്ങളുടെ ദാസനാവുകയാണ്‌. പത്മനാഭസ്വാമിയുടെ ഭക്തജനങ്ങളില്‍ ഒരുവനായി മാറി, ദാസനായി ഭരണം നടത്തുകയായിരുന്നു തിരുവിതാകൂര്‍ഭരിച്ച രാജാക്കന്മാര്‍. അവര്‍ നേടിയതൊക്കെയും പത്മനാഭസ്വാമിക്ക്‌ സ്വന്തം! ഈ വസ്തുത അക്ഷരാര്‍ത്ഥത്തില്‍ ശരി വയ്ക്കുന്നതാണ്‌ ഇപ്പോഴത്തെ നിലവറ രഹസ്യം.
രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രം പത്മനാഭസ്വാമിക്ഷേത്രമാണ്‌ എന്ന്‌ നിലവറകളിലെ സമ്പത്തിന്റെ കണക്കെടുപ്പിലൂടെ വ്യക്തമാകുമ്പോള്‍ നമുക്ക്‌ പ്രതിബദ്ധത ഉണ്ടാകേണ്ടത്‌, പത്മനാഭസ്വാമിയുടെ ഒരു തരി മണ്ണുപോലും ദുര്‍വ്യയം ചെയ്യാതെ കാത്തു സൂക്ഷിച്ച ഭരണസംസ്ക്കാരത്തോടും അതിന്റെ പ്രയോക്താക്കളായിരുന്ന തിരുവിതാകൂര്‍ രാജവംശത്തോടുമാണെന്ന്‌ അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശാനുസരണമാണ്‌ നിലവറകളിലെ കണക്കെടുപ്പ്‌. കോടതി നിയോഗിച്ച നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിനിര്‍ദ്ദേശവും ഉത്തരവും ഉണ്ടാകും. പത്മനാഭസ്വാമിയുടെ സ്വത്ത്‌ പത്മനാഭസ്വാമിയുടേതുതന്നെ. സംസ്ഥാനസര്‍ക്കാരിന്റെ നിലപാടും അതുതന്നെ എന്നത്‌ സ്വാഗതാര്‍ഹമാണ്‌.
ക്ഷേത്രനിലവറകളില്‍ കണ്ടെത്തിയ അപൂര്‍വ്വവും അമൂല്യവുമായ ശേഖരങ്ങള്‍ പത്മനാഭസ്വാമിയുടേതായി ക്ഷേത്രത്തില്‍ത്തന്നെ സംരക്ഷിക്കുന്ന തരത്തില്‍ ഒരു സംവിധാനം ഉണ്ടാകേണ്ടതാണ്‌. പുരാവസ്തുപ്രാധാന്യമുള്ള വസ്തുക്കള്‍ സൂക്ഷിക്കേണ്ട ശാസ്ത്രീയ രീതിയെക്കുറിച്ചും സാങ്കേതികത്വത്തെക്കുറിച്ചും ചില പ്രസ്താവനകള്‍ വന്നുകൊണ്ടിരിക്കുകയാണ്‌. ഈ സന്ദര്‍ഭത്തില്‍ അനുവര്‍ത്തിക്കേണ്ട ശാസ്ത്രീയനിലപാടുകള്‍ എന്ന നിലയില്‍ അവ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്‌. അതേസമയം പാരമ്പര്യരീതിയില്‍ മൂല്യശോഷണം സംഭവിക്കാതെ നൂറ്റാണ്ടുകളായി ഈ അമൂല്യശേഖരം എങ്ങനെ നിലനിന്നു എന്നതും പഠനവിധേയമാക്കണം. ആധുനിക ശാസ്ത്രീയരീതിയെ വെല്ലുന്ന പാരമ്പര്യമായ അറിവുകളെ ഗവേഷണബുദ്ധിയോടെ സമീപിച്ച്‌, അതേ രീതിയില്‍ത്തന്നെ അവ പുനരാവിഷ്ക്കരിച്ച്‌ ഈ സ്വത്തുക്കള്‍ അവിടെത്തന്നെ നിലനിര്‍ത്തണം. പാരമ്പര്യ അറിവുകള്‍ക്കും സാങ്കേതിക വൈഭവത്തിനും പുറംതിരിഞ്ഞുനിന്ന്‌, ആധുനിക സാങ്കേതിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഈ അമൂല്യ സ്വത്ത്‌ മറ്റു സ്ഥലങ്ങളിലേക്ക്‌ മാറ്റുവാന്‍ ഇടയാകരുത്‌. ഭരണകര്‍ത്താക്കളും ഭക്തജനങ്ങളും ഈ വിഷയത്തില്‍ ജാഗ്രത പാലിക്കണം.
പ്രജാതല്‍പരരായി രാജ്യം ഭരിച്ച തിരുവിതാകൂര്‍ രാജവംശത്തിലെ ഇന്നത്തെ പിന്‍മുറക്കാര്‍ക്ക്‌, അവരുടെ പാരമ്പര്യത്തിന്റെയും മഹനീയ ഭരണസംസ്കാരത്തിന്റെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രതികരണങ്ങളും, പ്രസ്താവനകളും, അനാവശ്യമായ ചര്‍ച്ചകളും ഉണ്ടാകാതെ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.