കോടിയേരിമാരെ തളയ്ക്കണം

Wednesday 27 July 2016 9:59 pm IST

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിയമവാഴ്ചയെ വെല്ലുവിളിച്ച് പയ്യന്നൂരില്‍ നടത്തിയ വിവാദപ്രസംഗത്തില്‍ അണികളോട് ആയുധമേന്താന്‍ ആവശ്യപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്തതിനെതിരെ പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിട്ടുണ്ട്. അണികളോട് ആയുധമെടുക്കാന്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കോടിയേരിക്കെതിരെ ബിജെപി ഇന്ത്യന്‍ ശിക്ഷാ നിയമം 108 വകുപ്പ് പ്രകാരം കേസ് കൊടുത്തിട്ടുള്ളത്. സിപിഎമ്മിനോട് കളിച്ചാല്‍ കണക്ക് തീര്‍ക്കുമെന്നും, അടിച്ചാല്‍ തിരിച്ചടിക്കുമെന്നും, വയലില്‍ പണിതന്നാല്‍ വരമ്പത്ത് കൂലിയെന്നുമാണ് കോടിയേരി പറഞ്ഞത്. കണക്കുകള്‍ അപ്പപ്പോള്‍ തീര്‍ക്കണമെന്നും കോടിയേരി പറയുകയുണ്ടായി. സിപിഎമ്മിനെ ആക്രമിച്ചാല്‍ കണക്കുതീര്‍ക്കുമെന്നുള്ള കോടിയേരിയുടെ നിലപാടിനെ പിന്തുണച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും രംഗപ്രവേശം ചെയ്യുകയുണ്ടായി. കോടിയേരിയുടെ വിവാദ പ്രസംഗം പരിശോധിക്കാനും നിയമോപദേശം തേടാനും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. കോടിയേരിയുടെ പ്രസംഗത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും വിമര്‍ശിക്കുകയുണ്ടായി. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹമാണെന്നും സര്‍ക്കാര്‍ കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നു. നേതാക്കള്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. കോടിയേരിയാകട്ടെ അണികളോട് പരസ്യമായി ആയുധമെടുക്കാനാണ് ആഹ്വാനം ചെയ്തത്. ഇതിനെതിരെയാണ് ബിജെപിയും പ്രതിപക്ഷവും ശക്തമായ നിലപാടെടുത്തിട്ടുള്ളത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനമാണ്-അക്രമങ്ങളല്ല. ഈ സാഹചര്യത്തില്‍ കോടിയേരിയുടെ പ്രകോപനപരമായ പ്രസംഗം ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായിക്കെതിരെയുള്ള കുറ്റപത്രമാണെന്നും കുമ്മനം ആരോപിക്കുകയുണ്ടായി. മുന്‍ ആഭ്യന്തരമന്ത്രികൂടിയായ കോടിയേരിക്ക് താന്‍ പയ്യന്നൂരില്‍ നടത്തിയതുപോലുള്ള പ്രസംഗം നിയമവിരുദ്ധമായിരിക്കുമെന്ന് മറ്റാരും പറഞ്ഞുകൊടുക്കേണ്ടതില്ല. അപ്പോള്‍ കരുതിക്കൂട്ടിത്തന്നെയാണ് കോടിയേരി ഇങ്ങനെയൊരു പ്രസംഗം നടത്തിയതെന്നാണ് വിചാരിക്കേണ്ടത്. ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. ക്രമസമാധാനവും നിയമവാഴ്ചയും നിലനിര്‍ത്താന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി ഈ കലാപാഹ്വാനത്തെ ഗൗരവമായി കാണാതെ അത് നിസാരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് നിയമവ്യവസ്ഥയോടും ജനങ്ങളോടും ചെയ്യുന്ന അനീതികൂടിയാണ്. കോടിയേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ബിജെപി പ്രതിനിധിസംഘവും ഡിജിപിയെ നേരിട്ടുകണ്ട് പരാതി നല്‍കിയിട്ടുണ്ട്. വിവാദപ്രസംഗത്തിന്റെ കാസറ്റ് കരസ്ഥമാക്കാനും പരിശോധനക്കുശേഷം നടപടിയെടുക്കാമെന്നുമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബിജെപി സംഘത്തോട് പറഞ്ഞത്. സിപിഎമ്മില്‍ ഉണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ പ്രതിഫലനമാണ് അക്രമത്തിനുള്ള കോടിയേരിയുടെ ആഹ്വാനവും അതിനോടുള്ള പോലീസിന്റെ നിഷ്‌ക്രിയത്വമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേരള പോലീസ് നിഷ്‌ക്രിയമാണെന്നായിരുന്നല്ലോ കോടിയേരിയുടെ ആക്ഷേപം. പ്രസംഗത്തിന്റെ കാസറ്റ് ലഭിച്ചശേഷം വിവാദപ്രസംഗം പരിശോധിച്ച് നിയമോപദേശം തേടാന്‍ ലോക്‌നാഥ് ബെഹ്‌റ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് അന്തരീക്ഷം തണുപ്പിക്കാനുള്ള തന്ത്രമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. വിവാദപ്രസംഗത്തിനുമേല്‍ പോലീസ് നിഷ്‌ക്രിയത്വം പാലിച്ചാല്‍ ബിജെപി ഹൈക്കോടതിയെ സമീപിക്കാനും, പോലീസിനെതിരെ രൂക്ഷവിമര്‍ശനമുണ്ടാകാനുമുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് മുഖം രക്ഷിക്കാനുള്ള ഡിജിപിയുടെ ഈ നീക്കമെന്ന് വിമര്‍ശനമുണ്ട്. അക്രമരാഷ്ട്രീയം സിപിഎമ്മിന്റെ മുഖമുദ്രയാണ്. അധികാരം ലഭിക്കുമ്പോഴൊക്കെ സിപിഎം നേതാക്കളുടെയും അണികളുടെയും അക്രമവാസന വര്‍ധിക്കുക പതിവാണ്. അണികളെ ആയുധമണിയിക്കാനുള്ള കോടിയേരിയുടെയും ജയരാജന്റെയും ശ്രമത്തെ ഇതില്‍നിന്ന് വേറിട്ട് കാണാനാവില്ല. നിരുത്തരവാദപരമായ പ്രസംഗങ്ങള്‍ നടത്തി, നാടിന്റെ സമാധാനം നശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. അക്രമങ്ങള്‍ കുത്തിപ്പൊക്കുന്ന കോടിയേരിമാരെ തളയ്ക്കാന്‍ ഭരണകൂടവും തയ്യാറാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.