വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാളിന് ഭരണങ്ങാനം ഒരുങ്ങി

Thursday 28 July 2016 2:29 pm IST

പാലാ: ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടവും പട്ടണവും പ്രധാന തിരുനാളിന് ഒരുങ്ങി. സഹനത്തിന്റെ അമ്മയ്ക്ക് നേര്‍ച്ചകാഴ്ചകളും ഭക്തിസ്ഥുരിക്കുന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി രാപകല്‍ ഭേദമില്ലാതെ ജനങ്ങള്‍ ഒഴുകിയെത്തുകയാണ്. അല്‍ഫോന്‍സാമ്മ വിശുദ്ധയായ ശേഷമുള്ള ഏഴാമത് തിരുനാള്‍ ആഘോഷത്തിനാണ് നാട് ആതിഥ്യമരുളുന്നത്. ജീവിതം ലാളിത്യത്തിന്റെയും സഹനത്തിന്റെയും വേദിയാക്കി മാറ്റിയ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനും പ്രത്യേകതകള്‍ ഏറെയുണ്ട്. ആഡംബരം ഒഴിവാക്കി പ്രാര്‍ത്ഥനാ നിര്‍ഭര സാഹചര്യം പ്രതീക്ഷിച്ചാണ് അല്‍ഫോന്‍സാ ഭക്തര്‍ എത്തുന്നതെന്നതും ശ്രദ്ധേയമാണ്. തിരുനാള്‍ ദിനങ്ങളില്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ അക്ഷരം കുറിക്കാന്‍ എത്തുന്ന കരുന്നുകളുടെ എണ്ണം ഉയരുന്നുണ്ട്. പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നവര്‍ കൈകളിലേന്തുന്ന മെഴുകുതിരികള്‍ കത്തിയമരുമ്പോള്‍ ആ തിരിനാളമേന്തുന്നവരുടെ വേദനകളും യാതനകളും ഉരുകിത്തീരുമെന്നാണ് വിശ്വാസം. പ്രധാന തിരുനാള്‍ ആഘോഷങ്ങള്‍ക്കായി വിദേശങ്ങളില്‍ നിന്നടക്കം വിശ്വാസികള്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. പോലീസ്, ആരോഗ്യവകുപ്പുകള്‍ മതിയായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ടൗണില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന തിരുനാള്‍ ദിവസമായ 28ന് രാവിലെ 4.45 ന് ഫാ. ഫ്രാന്‍സീസ് വടക്കേലും, 6ന് ഫാ. ബക്കുമാന്‍സ് കുന്നുംപുറവും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 7.15 ന് നേര്‍ച്ചയപ്പം വെഞ്ചരിപ്പ്. 7.30ന് ഇടവകദേവാലയത്തില്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ കുര്‍ബാനയര്‍പ്പിക്കും. 8.15 നും 9.15നും കുര്‍ബാന. 10 ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ കാര്‍മ്മികത്വത്തില്‍ തിരുനാള്‍ റാസയും സന്ദേശവും നടക്കും. റവ.ഡോ. തോമസ് പുതുകുളങ്ങര, ഫാ. ജോസഫ് അരിമറ്റം എന്നിവര്‍ സഹകാര്‍മ്മികരാവും. 12ന് ആഘോഷമായ തിരുനാള്‍ ജപമാല പ്രദക്ഷിണം. ഫാ.തോമസ് ഓലിക്കല്‍്, ഫാ.ജോസഫ് താഴത്തുവരിക്കയില്‍, ഫാ.അലക്‌സ് പൈകട എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. 2.30നും 3.30നും, 4.30 നും 5.30 നും ഫാ. മാത്യു കോരക്കുഴ, ഫാ. എബ്രഹാം വെട്ടുവയലില്‍, റവ. ഡോ. ജോസഫ് തടത്തില്‍, റവ. ഡോ. ജോസഫ് കുഴിഞ്ഞാലില്‍ എന്നിവര്‍ കുര്‍ബാനയില്‍ കാര്‍മികത്വം വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.