സിപിഎം അക്രമത്തിന് പോലീസ് പിന്തുണ; ബിജെപി കുമരകം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

Wednesday 27 July 2016 11:46 pm IST

കോട്ടയം: ഞായറാഴ്ച മൂന്ന് ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കുമരകം പോലീസ്‌സ്‌റ്റേഷന്‍ ഉപരോധിച്ചു.ജനപ്രതിനിധികള്‍ ഇന്നലെ രാവിലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തി സ്റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ഉപരോധസമരത്തിന് നേതൃത്വം നല്‍കി. സിപിഎം,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളിലെ പ്രതികളെ വിളിച്ചു ചോദ്യം ചെയ്യാന്‍പോലും പോലീസ് മടികാണിക്കുന്നു. സിപിഎം പ്രവര്‍ത്തകര്‍ അപകീര്‍ത്തിപ്പെടുത്തിയ വീട്ടമ്മ ആത്മഹത്യചെയ്യാന്‍ ഒരുങ്ങിയ പരാതിയിന്‍മേല്‍ ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത്് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. ഞായറാഴ്ച ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന ആക്രമണത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഇതുള്‍പ്പെടെ എട്ടോളം കേസുകളില്‍ നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്‌റ്റേഷന്‍ ഉപരോധിച്ചത്. ഒരുമണിയോടെ കോട്ടയം വെസ്റ്റ് സിഐ നിര്‍മ്മല്‍ ബോസ് സമരക്കാരുമായി നടത്തിയ ചര്‍ച്ച നടത്തി. തുടര്‍ന്ന്, ജില്ലാ പോലീസ് ചീഫ് എന്‍.രാമചന്ദ്രന്‍ നേതാക്കളുമായി ബന്ധപ്പെടുകയും പരാതി വിശദമായി അന്വേഷിച്ച് നടപടി എടുക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സമരത്തിന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി,ജില്ലാ സെക്രട്ടറി സി.എന്‍ സുഭാഷ്,എം.വി ഉണ്ണിക്കൃഷ്ണന്‍,മഹിളാമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് സുമ വിജയന്‍, സുമ മുകുന്ദന്‍, കെ.ജി. ജയചന്ദ്രന്‍, വി.എന്‍. ജയകുമാര്‍, പി.കെ. സേതു, ആന്റണി, ആന്റണി അറയില്‍, അനീഷ് വി.നാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.