വന്‍ നഷ്ടം ചൂണ്ടിക്കാട്ടി കെഎസ്ഇബി വരവുചെലവ് കണക്ക് അവതരിപ്പിച്ചു

Thursday 28 July 2016 11:17 am IST

തിരുവനന്തപുരം: വരുന്ന രണ്ടുവര്‍ഷവും കെഎസ്ഇബിക്ക് വന്‍നഷ്ടം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി വൈദ്യുതി ബോര്‍ഡ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ സിറ്റിംഗില്‍ വരവു ചെലവ് കണക്ക് അവതരിപ്പിച്ചു. 2016-17 സാമ്പത്തികവര്‍ഷത്തില്‍ 1677 കോടിരൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 2,127 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പാണ് ബോര്‍ഡ് അവതരിപ്പിച്ച കണക്കിലുള്ളത്. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഈ സാമ്പത്തിക വര്‍ഷത്തിലേക്ക് തയ്യാറാക്കിയ 10,547 കോടി രൂപയുടെ വരവുചെലവ് കണക്കില്‍ 574 കോടിയുടെ ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017-18 വര്‍ഷത്തില്‍ 11,099 കോടി രൂപയുടെ വരവുചെലവു കണക്കില്‍ 600 കോടിയുടെ ലാഭമാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വൈദ്യുതി ബോര്‍ഡ് സമയത്തിന് വരവുചെലവ് കണക്ക് അവതരിപ്പിക്കാത്തതിനാലാണ് റഗുലേറ്ററി കമ്മീഷന്‍ കണക്ക് തയ്യാറാക്കിയതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. വൈദ്യുതി ബോര്‍ഡിന്റെ താരിഫ് കാലാവധി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചു. ഇപ്പോള്‍ നിലനില്‍ക്കുന്നത് 2014 ല്‍ അനുവദിച്ച താരിഫാണ്. കോടതി വിധിക്കു ശേഷം പ്രാബല്യത്തിലുള്ള വിധി പരിശോധിച്ചു മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂവെന്നും റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.എന്‍. മനോഹരന്‍ ചൂണ്ടിക്കാട്ടി. കായംകുളം ബിഎസ്ഇഎസ് താപവൈദ്യുതി നിലയത്തില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ പുതിയ ബജറ്റില്‍ തുക കൊള്ളിച്ചിട്ടില്ല. വര്‍ഷം 250 കോടിരൂപ കായംകുളം താപവൈദ്യുതി നിലയത്തിന് കെഎസ്ഇബി കൊടുക്കുന്നുണ്ടെങ്കിലും ഇവിടെ നിന്ന് വൈദ്യുതി വാങ്ങുന്നില്ല. ഇതിന് റഗുലേറ്ററി കമ്മീഷന്റെ അനുമതി വേണമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഒരു യൂണിറ്റ് വൈദ്യുതിക്ക് 2014 ല്‍ 12 രൂപയായിരുന്നു വില. ഈ താരിഫ് നിരക്കു പ്രകാരമാണ് ഇപ്പോഴും ഉപഭോക്താക്കളില്‍ നിന്ന് വൈദ്യുതി ചാര്‍ജ് ഈടാക്കുന്നതെന്ന് സിറ്റിംഗില്‍ പങ്കെടുത്ത ഡിജോ കാപ്പന്‍ പറഞ്ഞു. ഇപ്പോള്‍ ഒരു യൂണിറ്റ് വൈദ്യുതി രണ്ടുരൂപ നിരക്കില്‍ ലഭിക്കും. അതിനാല്‍ നിരക്കു കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെയര്‍മാനും സംഘടനാ നേതാവും ഏറ്റുമുട്ടി തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി സിറ്റിംഗില്‍ റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനും കെഎസ്ഇബി സംഘടനാ സെക്രട്ടറിയും ഏറ്റുമുട്ടി. ചെയര്‍മാന്‍ ടി.എം. മനോഹരനും ഇടതുസംഘടനയായ കെഎസ്ഇബിഒയുടെ സെക്രട്ടറി എം.ജി. സുരേഷ്‌കുമാറും തമ്മിലാണ് ഇന്നലെ നടന്ന സിറ്റിംഗില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായത്. താരിഫ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ റഗുലേറ്ററി കമ്മീഷന്‍ അവതരിപ്പിച്ച വരവുചെലവ് കണക്ക് അംഗീകരിക്കില്ലെന്ന നിലപാടുമായി എം.ജി. സുരേഷ്‌കുമാറാണ് തര്‍ക്കത്തിന് തുടക്കമിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.