റവന്യൂ സെക്രട്ടറിയെ മാറ്റി സിപിഐ; പുതിയ സെക്രട്ടറിയെ നിശ്ചയിച്ച് പിണറായി

Wednesday 27 July 2016 11:54 pm IST

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവാദഭൂമി ഉത്തരവുകള്‍ പുത്തിറക്കിയ റവന്യൂ സെക്രട്ടറി വിശ്വാസ്‌മേത്തയെ മാറ്റി. എന്നാല്‍ വിശ്വാസ് മേത്തയെ മാറ്റി ജനവിശ്വാസം വീണ്ടെടുക്കാനുള്ള സിപിഐയുടെ നീക്കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തടയിട്ടു. ആരോപണവിധേയനും മുന്‍ സര്‍ക്കാരിന്റെ വിശ്വസ്തനുമായിരുന്ന പി.എച്ച്. കുര്യനെ റവന്യൂ സെക്രട്ടറിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂമന്ത്രിക്കും സിപിഐക്കും പണികൊടുത്തു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് എല്ലാവിവാദ ഉത്തരവുകളും ചട്ടങ്ങള്‍ ലംഘിച്ച് പുറത്തിറക്കിയത് വിശ്വാസ്‌മേത്തയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ വിശ്വാസ്‌മേത്തയുടെ കസേരയ്ക്ക് ഇളക്കമൊന്നുമുണ്ടായില്ലെന്നുമാത്രമല്ല ഒരു വകുപ്പിന്റെ അധിക ചുമതലകിട്ടുകകൂടി ചെയ്തു. റവന്യൂകേസുകള്‍ വാദിച്ചിരുന്ന സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീലാഭട്ടിനെ പുറത്താക്കിയപ്പോഴും വിശ്വാസ്‌മേത്ത തെറിച്ചില്ല. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ പരിശോധിച്ച ഉപസമിതി വിശ്വാസ്‌മേത്ത പുറപ്പെടുവിച്ച ഭൂരിപക്ഷം ഉത്തരവുകളും ക്രമവിരുദ്ധമാണെന്ന് കണ്ടെത്തിയതോടെയാണ് സിപിഐ വെട്ടിലായത്. സിപിഐയിലെ മുന്‍മന്ത്രിക്ക് ഭൂമാഫിയയുമായുള്ള ബന്ധംമൂലമാണ് സുശീലഭട്ടിനെ മാറ്റിയതെന്നുകൂടി ആക്ഷേപമുയര്‍ന്നതോടെ വിശ്വാസ്‌മേത്തയെ തങ്ങള്‍ സംരക്ഷിക്കുകയാണെന്ന പഴി പേടിച്ചാണ് റവന്യൂ സെക്രട്ടറിയെ മാറ്റാന്‍ തീരുമാനിച്ചത്. വിശ്വാസ്‌മേത്തയെ മാറ്റി പകരം പോള്‍ ആന്റണിയെ റവന്യൂസെക്രട്ടറി ആക്കണമെന്ന നിര്‍ദ്ദേശമാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മന്ത്രിസഭാ യോഗത്തില്‍ മുന്നോട്ടുവച്ചത്. എന്നാല്‍ പോള്‍ ആന്റണിയെ വൈദ്യുതി വകുപ്പില്‍ നിന്ന് ഉടന്‍ മാറ്റാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അവസരം മുതലെടുത്ത പിണറായി പി.എച്ച്.കുര്യന്‍ റവന്യൂ സെക്രട്ടറിയാകട്ടെ എന്ന് നിര്‍ദ്ദേശിച്ചതോടെ റവന്യൂമന്ത്രി വെട്ടിലായി. ഉമ്മന്‍ചാണ്ടിയുടെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് പി.എച്ച്.കുര്യന്‍. അത്തരമൊരു ഉദ്യോഗസ്ഥനെ റവന്യൂവകുപ്പിന്റെ ഉന്നതസ്ഥാനത്ത് പിണറായി നിശ്ചയിച്ചത് ഭൂമാഫിയകളുടെ താല്പര്യം സംരക്ഷിക്കാന്‍ തന്നെയാണെന്നാണ് അടക്കംപറച്ചില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.