ലൗ ജിഹാദ് എന്‍ഐഎ അന്വേഷിക്കണം: ഹൈക്കോടതി

Thursday 28 July 2016 8:11 am IST

പാലക്കാട്: ലൗ ജിഹാദ് സംഭവത്തില്‍ എന്‍ഐഎയും പോലീസും സംയുക്തമായി അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. പെണ്‍കുട്ടി വീടുവിട്ടു പോയ ലൗ ജിഹാദ് കേസിലുള്‍പ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകയ്ക്കും യുവാവിനും സംഭവത്തിലുള്ള പങ്ക് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം നല്‍കണമെന്നും ജസ്റ്റിസുമാരായ കെ. സുരേന്ദ്രമോഹനും, മേരിജോസഫുമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ ഇരയായ പെണ്‍കുട്ടിയെ, അവളുടെ സമ്മതപ്രകാരം തന്നെ, ഹൈക്കോടതി മാതാപിതാക്കളോടൊപ്പം വിട്ടയക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താനും അവരെ നീരീക്ഷിക്കാനും പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 13ന് പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ വീട്ടില്‍ നിന്നും പെണ്‍കുട്ടി ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായകമായ ഉത്തരവ്. മലപ്പുറം പട്ടിക്കാട് സ്വദേശിയായ നൗഫല്‍ കുരിക്കളാണ് മതംമാറ്റാനുള്ള ലക്ഷ്യത്തോടെ പെണ്‍കുട്ടിയെ വശീകരിച്ചുകൊണ്ടുപോയത്. മാതാപിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് ജൂലൈ ആദ്യവാരം ഷീന ഫര്‍സാന എന്ന സ്ത്രീയോടൊപ്പം പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹാജരായിരുന്നു. അന്ന് മാതാപിതാക്കളോടൊപ്പം പോകാന്‍ താത്പര്യപ്പെട്ടില്ല. തുടര്‍ന്ന് കൊച്ചിയിലെ സേവാസദനിലേക്ക് മറ്റി. ഇന്നലെ വീണ്ടും കോടതിയിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം പോകാന്‍ താത്പര്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് കോടതി രക്ഷിതാക്കള്‍ക്കൊപ്പമയക്കുകയായിരുന്നു. പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്ന പട്ടിക്കാട് സ്വദേശിനിയായ ഷീന ഫര്‍സാന എസ്ഡിപിഐ പ്രവര്‍ത്തകയാണെന്നും അവരുടെ ഭര്‍ത്താവ് പട്ടിക്കാട് പള്ളിപ്പറമ്പ് ചെട്ടിയാന്‍തൊടിയില്‍ മുജീബ് റഹ്മാന്‍ പെയിന്ററാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസുമായി ഷീനയ്ക്കുള്ള ബന്ധം സംശയാസ്പദമാണെന്നും ഇവരെ മുന്നില്‍ നിര്‍ത്തി മറ്റാരോ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. അതിനാല്‍ ഷീനയെ നിരീക്ഷിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യമായതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കേരള പോലീസും എന്‍ഐഎയും സംയുക്തമായി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. എന്‍ഐഎക്കുവേണ്ട എല്ലാ സഹായങ്ങളും പോലീസും സ്‌പെഷ്യല്‍ബ്രാഞ്ചും നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഭീകരവാദവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആശങ്കാജനകമാണെന്നും കോടതി പറഞ്ഞു. രാജ്യം വിട്ടുപോയ നൗഫല്‍ കുരിക്കളെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ കേസില്‍ ഇയാള്‍ക്കുള്ള പങ്കും മറ്റുവിവരങ്ങളും വിശദമായി അന്വേഷിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുവാന്‍ എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് ഒരുമാസത്തിനകം നല്‍കാന്‍ എന്‍ഐഎയോടും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ സീല്‍വച്ച കവറിലാണ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുവേണ്ടി അഡ്വ. സി.കെ. മോഹനന്‍ ഹാജരായി. മൂന്ന് പേര്‍ക്കെതിരെ യുഎപിഎ പാലക്കാട്: ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് പാലക്കാട്ടു നിന്ന് കാണാതായ സഹോദരങ്ങളായ ഈസ, യഹ്യ എന്നിവര്‍ക്കെതിരെയും ഇവരുടെ സുഹൃത്തായ ഷിബിനെതിരെയും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം യുഎപിഎ ചുമത്തി. പാലക്കാട് യാക്കര സ്വദേശികളും ക്രൈസ്തവ വിശ്വാസികളുമായ ബെസ്റ്റണ്‍, ബെക്‌സണ്‍ എന്നിവരാണ് ഇസ്ലാംമതം സ്വീകരിച്ച് യഹ്യ, ഇസ എന്നിങ്ങനെ പേര് മാറ്റിയത്. യഹിയയുടെ ഭാര്യ മെറിന്റെ സഹോദരന്‍ എബിന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് യുഎപിഎ ചുമത്തിയത്. കഴിഞ്ഞദിവസം എബിന്റെ പരാതിയെ തുടര്‍ന്ന് ഖുറേഷിക്കെതിരെയും റിസ്വാന്‍ഖാനെതിരെയും യുഎപിഎ ചുമത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഈ യുവാക്കള്‍ക്കെതിരെയും യുഎപിഎ ചുമത്തിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് മെറിന്‍ വിധേയമായതായും സക്കിര്‍ നായിക്കിന്റെ അനുയായിയായ റിസ്വാന്‍ഖാനാണ് സഹായിച്ചതെന്നും സക്കിര്‍ നായിക്കിന്റെ മുംബൈയിലുള്ള മതപരിവര്‍ത്തന കേന്ദ്രത്തില്‍ ഇവര്‍ എത്തിയിരുന്നതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു. ഇവര്‍ വിദേശത്തേക്ക് കടന്നതായി വ്യക്തമായിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഷിബിന്‍ കുറച്ച് വര്‍ഷങ്ങളായി കഞ്ചിക്കോടാണ് താമസം. ഈസക്കൊപ്പം കോയമ്പത്തൂരിലെ കോളജില്‍ പഠിച്ചിരുന്നയാളാണ് ഷിബിന്‍. ജൂണ്‍ രണ്ടിന് ഒമാനിലേക്ക് മതപഠനത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. ടൂറിസ്റ്റ് വിസയുമായാണ് ഷിബിന്‍ ഒമാനിലേക്ക് പോയത്. പാലക്കാട് യാക്കര സ്വദേശിയായ ഇസ, ഭാര്യ നിമിഷ യെന്ന ഫാത്തിമ, ഇസയുടെ സഹോദരന്‍ യഹ്യ, ഭാര്യ മെറിന്‍ എന്നിവരാണ് ഐഎസില്‍ ചേര്‍ന്നതായി സൂചനയുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.