തോക്കിന് ഏഴായിരം; ഫോണിനേക്കാള്‍ വിലക്കുറവ്

Thursday 28 July 2016 9:07 pm IST

ധാരാ ആദംഖേല്‍: ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ച, പാക്കിസ്ഥാന്റെ വടക്കു പടിഞ്ഞാറന്‍ നഗരമായ ധാരാ ആദംഖേലില്‍ ആദ്യമായി എത്തുന്നവര്‍ ഒന്നു ഭയക്കും, ഇതാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ കള്ളത്തോക്ക് വിപണി. ഇവിടെ തോക്കുകള്‍ക്ക് സാമാന്യം തെറ്റില്ലാത്ത ആന്‍ഡ്രോയിഡ് ഫോണിന്റെ വില പോലുമില്ല. വെറും ഏഴായിരം രൂപയ്ക്ക് നല്ല തോക്കൊരെണ്ണം, അതും കലാഷ്‌നിക്കോവ് സ്വന്തമാക്കാം. പെഷവാറിന് തെക്കുമാറിയാണ് ഈ നഗരം. പതിറ്റാണ്ടുകളായി അധോലോക സംഘങ്ങളുടെ വിഹാരകേന്ദ്രം. കള്ളക്കടത്തുകാരുടെയും മയക്കുമരുന്ന് വ്യാപാരികളുടെയും സ്വര്‍ഗം. മോഷ്ടിച്ച കാറുകള്‍ മുതല്‍ വ്യാജ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഇവിടെ ലഭിക്കും. എങ്കിലും കള്ളത്തോക്ക് നിര്‍മ്മാണവും വില്പ്പനയും തന്നെ ഏറ്റവും വലിയ ബിസിനസ്. സോവിയറ്റ് യൂണിയന് എതിരെ പോരാടാന്‍ അഫ്ഗാനിസ്ഥാനിലെ മുജാഹിദ്ദീനുകള്‍ക്ക് വേണ്ടിയാണ് ഇവിടെ കള്ളത്തോക്ക് നിര്‍മ്മാണം തുടങ്ങിയത്. പിന്നീട് ഈനഗരം പാക് താലിബാന്റെ ശക്തി കേന്ദ്രമായി മാറി. അതിനാല്‍ തന്നെ തോക്കു നിര്‍മ്മാണ കേന്ദ്രങ്ങള്‍ കൂടുതല്‍ ശക്തമായി. അനവധി കള്ളത്തോക്കു നിര്‍മ്മാണ കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. ബള്‍ഗേറിയന്‍ തോക്കായ എംപി 5 നും വില വെറും ഏഴായിരം പാക് രൂപ. ഒരു വര്‍ഷം ഗാരന്റിയുമുണ്ട്. ആയുധം വാങ്ങാന്‍ എത്തുന്നവര്‍ തോക്കു പരിശോധിക്കുന്നതിന്റെയും വെടിവച്ച് പരിശീലിക്കുന്നതിന്റെയും ശബ്ദമാണ് ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്നത്. ധാരാ നിര്‍മ്മിതമായ കലാഷ്‌നിക്കോവിന് സ്മാര്‍ട്ട് ഫോണിന്റെ വില പോലുമില്ല. എന്തു തരം ആയുധവും കുറഞ്ഞ സമയം കൊണ്ട് ഇവിടെ വ്യാജമായി ഉണ്ടാക്കാം. അത്രയ്ക്കുണ്ട് ഇവിടുത്തെ ജോലിക്കാരുടെ കഴിവ്. പത്തു വര്‍ഷം കൊണ്ട് പതിനായിരം തോക്കാണ് ഞാന്‍ വിറ്റത്. തോക്ക് വ്യപാരായായ ഖത്തീബ് ഗുല്‍ പറയുന്നു. കറാച്ചിയിലെ കപ്പല്‍ പൊളിശാലകളില്‍ നിന്ന് വന്‍തോതില്‍ ഇരുമ്പെത്തിച്ചാണ് ഇവിടെ തോക്ക് നിര്‍മ്മാണം. ശരിക്കും വലിയൊരു ഫാക്ടറിയാണ് ഗുല്ലിനുള്ളത്. ഇവിടുത്തെ ചന്തയിലെ ചെറുതും വലതുമായ കടകളില്‍ നിരത്തിയിരിക്കുന്നതും തോക്കുകളാണ്. വ്യാപാരം തികച്ചും നിയമവിരുദ്ധം, പക്ഷെ അധികൃതര്‍ ആരും ആരും ഇവിടേക്ക് എത്തിനോക്കാറുപോലുമില്ല. ഭീകരര്‍ യഥേഷ്ടം വിഹരിക്കുന്ന ഇവിടെ പട്ടാളം പോലും വരില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.