ആലപ്പുഴ: എസ്.എന്‍.ഡി.പി യൂത്ത് മൂവ്മെന്റ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിച്ചു. കുട്ടനാട് പുളിങ്കുന്ന് എഞ്ചിനീയറിങ് കോളജില്‍ നടന്ന നാലാം സെമസ്റ്റര്‍ പരീക്ഷ പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി.
പ്രകടനമായെത്തിയ സംഘം പരീക്ഷ ഹാളിനുള്ളില്‍ കയറി ചോദ്യപേപ്പറുകളും വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളും കീറിയെറിഞ്ഞു. ജില്ലയില്‍ പല സ്ഥലങ്ങളിലും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. ചെങ്ങന്നൂരില്‍ യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകര്‍ എം.സി റോഡ് ഉപരോധിച്ചു. സമരക്കാരെ നീക്കാന്‍ പോലീസ് ശ്രമിച്ചത് ചെറിയതോതിലുള്ള സംഘര്‍ഷത്തിന് ഇടയാക്കി.
കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരീക്ഷ തടസ്സപ്പെടുത്തിയതിന് യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താലിന് അഹ്വാനം നല്‍കിയത്. വാഹനങ്ങള്‍ തടയില്ലെന്ന് നേരത്തേ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: