ഡോ. രാജു വള്ളികുന്നം പടിയിറങ്ങുന്നു

Thursday 28 July 2016 9:40 pm IST

  ഇടുക്കി: സര്‍വ്വകലാശാല ജീവനക്കാര്‍ക്ക് പാര്‍ട്ട്- ടൈമായി ഗവേഷണം നടത്താനുള്ള അനുമതിക്കായി പോരാടി വിജയം വരിച്ച സാഹിത്യകാരനും എംജി സര്‍വ്വകലാശാല ഡെപ്യൂട്ടി രജിസ്ട്രാറുമായ ഡോ. രാജു വള്ളികുന്നം നാളെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങും. 1986ലാണ് ഇദ്ദേഹം യൂണിവേഴ്‌സിറ്റി അസിസ്റ്റന്റായി എംജി സര്‍വ്വകലാശാലയില്‍ എത്തുന്നത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം സമ്പാദിച്ചിരുന്നതിനാല്‍ ഗവേഷണം നടത്താന്‍ സര്‍വ്വകലാശാലയില്‍ അപേക്ഷ നല്‍കി. സര്‍വ്വകലാശാലയില്‍ ജോലി നോക്കിക്കൊണ്ട് ഗവേഷണം ചെയ്യാന്‍ അനുമതി നല്‍കരുതെന്ന് കാട്ടി ഭരണവിഭാഗം അന്നത്തെ വിസി യു. ആര്‍. അനന്തമൂര്‍ത്തിക്ക് ഫയല്‍ നല്‍കി. ഈ ഫയല്‍ പരിശോധിച്ച അനന്തമൂര്‍ത്തി കുറിച്ച നോട്ടാണ് ഡോ. രാജു വള്ളികുന്നത്തിന് ചിഹ്ന ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടാന്‍ അവസരമൊരുക്കിയത്. ഗവേഷണ താല്‍പ്പര്യമുള്ളവരെ മുന്നോട്ട് നയിക്കുകയാണ് സര്‍വ്വകലാശാല ചെയ്യേണ്ടതെന്നും പിന്നോട്ട് വലിക്കുകയല്ല വേണ്ടതെന്നും അനന്തമൂര്‍ത്തി കുറിച്ചു. അക്കാലത്ത് കോളേജ് അധ്യാപകര്‍ക്ക് മാത്രമാണ് പാര്‍ട്ട് ടൈമായി സര്‍വ്വകലാശാലകളില്‍ ഗവേഷണം അനുവദിച്ചിരുന്നത്. പിന്നീട് രാജുവള്ളികുന്നത്തിന് ലഭിച്ച ഉത്തരവിന്റെ പിന്‍ബലത്തില്‍ നിരവധിപ്പേര്‍ സര്‍വ്വകലാശാലയിലെ ജോലിക്കിടെ പാര്‍ട്- ടൈമായി ഗവേഷണം പൂര്‍ത്തിയാക്കിയെന്നത് വസ്തുതയാണ്. മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജില്‍ ബിഎസ്‌സി ഫിസിക്‌സ് ബിരുദവും ഇഗ്ലീഷില്‍ എംഎയും നേടിയാണ് എംജി സര്‍വ്വകലാശാലയില്‍ എത്തിയത്. 400 കവിതകള്‍ പ്രമുഖ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഇലകളില്‍ കാറ്റ്, കോട്ടയം കാലം, പൈങ്കിളി കവിതയ്‌ക്കൊരാമുഖം എന്നീ കവിതാസമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അഭിനയത്തിന്റെ അര്‍ത്ഥങ്ങള്‍, പോസ്റ്റ് കൊളോണിയല്‍ മലയാള കവിത എന്നിവ ഇദ്ദേഹത്തിന്റെ രചനകളാണ്. കാമ്പസ് കവിത/ കഥ, അയ്യപ്പപ്പണിക്കരുടെ നര്‍മ്മകവിത, നര്‍മ്മ സംഭാഷണങ്ങള്‍ എന്നിവ രാജുവള്ളികുന്നം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച കൃതികളാണ്. രണ്ട് വര്‍ഷം മുമ്പ് പൗലോ കൊയ്‌ലോയുടെ കൃതി മലയാളത്തിലേക്ക് ഒഴുകുന്ന പുഴ പോലെ എന്ന തലക്കെട്ടോടെ വിവര്‍ത്തനം ചെയ്തിരുന്നു. പ്രവാസി മലയാളികള്‍ ഏര്‍പ്പെടുത്തിയ കേരള ഗോള്‍ഡന്‍ ജൂബിലി കവിത പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ രാജു വള്ളികുന്നത്തെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ: ഡോ. ബിന്ദു. എംജി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെ അസിസ്റ്റന്റ് പ്രെഫസറാണ്. മകള്‍ അന്നപൂര്‍ണ ബിടെക് വിദ്യാര്‍ത്ഥിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.