കാസര്‍കോട്ടെ ട്രെയിന്‍ അട്ടിമറി ശ്രമം പ്രത്യേക സംഘം അന്വേഷിക്കും

Thursday 28 July 2016 9:41 pm IST

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പന്നിക്കുന്നിന് സമീപവും മൊഗ്രാല്‍ കടവിന് സമീപവും റെയില്‍പാളത്തിലെ ഇലാസ്റ്റിക് ക്ലിപ്പുകള്‍ ഊരിമാറ്റിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചു. ക്ലിപ്പുകള്‍ ഊരിമാറ്റി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതാണെന്ന സംശയത്തെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ജില്ലാ പോലീസ് ചീഫ് രൂപം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ കാസര്‍കോട്ട് രണ്ടു അട്ടിമറിശ്രമങ്ങളാണ് ഉണ്ടായത്. 22ന് വൈകിട്ട് 4.15നാണ് മൊഗ്രാല്‍പുത്തൂരിന് സമീപം പന്നിക്കുന്ന് റെയില്‍വെ ട്രാക്കില്‍ ആറ് ഇലാസ്റ്റിക് ക്ലിപ്പുകള്‍ ഊരിവെച്ച നിലയില്‍ കണ്ടത്. റെയില്‍വെ എഞ്ചിനീയറിങ് സെക്ഷന്‍ വിഭാഗത്തിന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇതിന് രണ്ട് കിലോമീറ്ററോളം അകലെയുള്ള മൊഗ്രാല്‍ കടവിന് സമീപവും റെയില്‍വെ ട്രാക്കില്‍ ക്ലിപ്പുകള്‍ ഊരിമാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 26ന് രാവിലെ 11 മണിയോടെയാണിത്. ആറ് ക്ലിപ്പുകളായിരുന്നു ഇവിടേയും ഊരിമാറ്റിയിരുന്നത്. തീവണ്ടി അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്. വിജനമായ സ്ഥലമായതിനാല്‍ ഈ ഭാഗത്ത് റെയില്‍വെ അധികൃതരുടേയും പോലീസിന്റെയും ശ്രദ്ധപതിഞ്ഞിരുന്നില്ല. കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്‌ഐ രഞ്ജിത്ത് രവീന്ദ്രന്‍, എസ്‌ഐ കെ. അമ്പാടി, എഎസ്‌ഐമാരായ മധുസൂദനന്‍, ടി. എ. സതീശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ആര്‍പിഎഫും ഇതേ കുറിച്ച് അന്വേഷിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.