നദീജല സംയോജന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം - സുപ്രീംകോടതി

Monday 27 February 2012 3:39 pm IST

ന്യൂദല്‍ഹി : രാജ്യത്തെ നദീജല സംയോജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന്‌ സുപീംകോടതി കേന്ദ്ര സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചു. ഇത്‌ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കാനായി ഒരു ഉന്നതതല കമ്മിറ്റിയെയും കോടതി നിയോഗിച്ചു. നദീജലസംയോജനത്തെ സംസ്ഥാനങ്ങള്‍ എതിര്‍ക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിലെ പമ്പ- അച്ചന്‍കോവിലാറുകള്‍ തമിഴ്നാട്ടിലെ വൈപ്പാറുമായി യോജിപ്പിക്കുന്ന പദ്ധതികളും ഇവയില്‍ ഉള്‍പ്പെടും. എസ്. എച്ച്. കപാഡിയ അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്. പദ്ധതി വൈകുന്നത്‌ ചെലവ്‌ ഉയരുന്നതിന്‌ കാരണമാകുമെന്ന്‌ ചൂണ്ടിക്കാട്ടിയ കോടതി പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും, സാമൂഹ്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയുള്ള സമിതി രൂപീകരിക്കാനാണ്‌ കോടതി കേന്ദ്ര സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. കേന്ദ്ര ജലവിഭവ മന്ത്രി അദ്ധ്യക്ഷനായ സമതിയില്‍ ജലവകുപ്പ്‌ സെക്രട്ടറി, കേന്ദ്ര വനം പരിസ്ഥിതി സെക്രട്ടറി, ജലവിഭവ വകുപ്പ്‌ നിയോഗിക്കുന നാല്‌ വിദഗ്ദ്ധര്‍, പ്ലാനിംഗ്‌ കമ്മീഷന്‍ അംഗം, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍, രണ്ട്‌ സാമൂഹ്യ പ്രവര്‍ത്തകര്‍, ഈ കേസിലെ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്‌ കുമാര്‍ എന്നിവരാകും സമിതിയിലുണ്ടാകുക. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരാണ്‌ നദീജല സംയോജന പദ്ധതി എന്ന ആശയം കൊണ്ടുവന്നത്‌. കുടിവെള്ളക്ഷാമം നേരിടുന്നതിനായി പദ്ധതി നടപ്പാക്കാന്‍ 2002 ഒക്‌ടോബറില്‍ ഒരു ടാസ്ക്‌ ഫോഴ്‌സിനെയും രൂപീകരിച്ചിരുന്നു. പദ്ധതി രാജ്യതാത്പര്യങ്ങള്‍ക്കു നിരക്കുന്നതാണെന്ന് കോടതി നീരീക്ഷിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.