'ലൗജിഹാദി'നെ തുറന്ന് വിമര്‍ശിച്ച് കത്തോലിക്കാസഭ

Thursday 28 July 2016 11:04 pm IST

  തൃശൂര്‍: ലൗജിഹാദിനെതിരെ സീറോമലബാര്‍ സഭയുടെ മുഖപത്രമായ കത്തോലിക്കാസഭയും. സഭ ഇതാദ്യമായാണ് ലൗ ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നതും പരസ്യമായ പ്രതിഷേധം പ്രകടിപ്പിക്കുന്നതും. കത്തോലിക്കാസഭയുടെ പുതിയ ലക്കത്തില്‍ മുഖപ്രസംഗവും ലേഖനവും വഴി കേരളത്തിലെ ലൗ ജിഹാദിനേയും അതുയര്‍ത്തുന്ന വെല്ലുവിളികളെയും സഭ തുറന്നുകാട്ടുന്നു. ലൗ ജിഹാദ് എന്ന പ്രണയക്കുരുക്കിനെപ്പറ്റി ഏതാനും വര്‍ഷങ്ങളായി കേള്‍ക്കുന്ന കാര്യങ്ങള്‍ വസ്തുതയാണെന്ന് വ്യക്തമാകുന്നതായി മുഖപ്രസംഗം സമ്മതിക്കുന്നു. വിദ്യാഭ്യാസവും സംസ്‌കാരികമികവുമുള്ള ക്രൈസ്തവരായ യുവതീയുവാക്കളെ പണവും പ്രലോഭനങ്ങളും വഴി തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നത് ഞെട്ടലുളവാക്കുന്നതാണെന്നും കത്തോലിക്കാസഭ വ്യക്തമാക്കുന്നു. ചെറുപ്പത്തിലെ വിശ്വാസപരിശീലനം ലഭിച്ച കുട്ടികള്‍പോലും വഴിതെറ്റുന്ന തരത്തില്‍ തീവ്രമാണ് ലൗജിഹാദ് ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങളെന്നും സര്‍ക്കാരും പൊതുസമൂഹവും ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്നും സഭ അഭിപ്രായപ്പെടുന്നു. ഹിന്ദുസംഘടനകളാണ് ലൗജിഹാദ് എന്നപദം ആദ്യമായി പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത്. അന്ന് ഇതിനെ തള്ളിക്കളയുന്ന നിലപാടെടുത്തവര്‍ പോലും ഇപ്പോള്‍ ഇക്കാര്യം സത്യമാണെന്ന് അംഗീകരിക്കാന്‍ തയ്യാറാകുന്നു എന്നതാണ് കത്തോലിക്കാസഭയിലെ ലേഖനങ്ങള്‍ വ്യക്തമാക്കുന്നത്. മുഖപ്രസംഗത്തിന് പുറമെ ലൗജിഹാദും കേരളത്തിലെ തീവ്രവാദഭീഷണിയും കണ്ടില്ലെന്ന് നടിക്കരുത് എന്ന ലേഖനവും മുഖപത്രത്തിലുണ്ട്. ആശങ്കയുളവാക്കുന്ന വാര്‍ത്തകളാണ് കേരളത്തില്‍ കേട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നായി നിരവധിപേര്‍ ഇറാഖ്, സിറിയ മേഖലകളില്‍ ഇസ്ലാമിക തീവ്രവാദികളുടെ കൂടാരത്തില്‍ ചേക്കേറിയിരിക്കുന്നു. ഇതേക്കുറിച്ച് പൊതുസമൂഹം പ്രത്യേകിച്ച് ക്രൈസ്തവ സമൂഹം ഗൗരവമായി ചിന്തിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.