മഹാശ്വേതാ ദേവി - ബംഗാള്‍ തട്ടകത്തിലെ ഭാരതീയ മനസ്സ്

Sunday 9 April 2017 5:04 pm IST

ബംഗാളിന്റെ ഹൃദയവും ഭാരതത്തിന്റെ മനസുമായ എഴുത്തുകാരി മഹാശ്വേതാ ദേവി മറയുമ്പോള്‍ നിത്യസ്മരണയാകുന്നത് അവരുടെ ജീവനുള്ള എഴുത്തും ചിന്തകളുമാണ്. സാമൂഹ്യപ്രവര്‍ത്തകയായ എഴുത്തുകാരിയെന്ന നിലയില്‍ മറ്റാര്‍ക്കും സ്വന്തമാകാത്ത തട്ടകത്തിന്റെ ഉടമയായിരുന്നു അവര്‍. എഴുത്തും സാമൂഹ്യ ജീവിതവും സമാസമം ചേര്‍ത്തൊരു വ്യക്തിത്വമായിരുന്നതുകൊണ്ട് മഹാശ്വേതാ ദേവി ഭാരത എഴുത്തുകാരിയും ആഗോള പ്രശസ്തയുമായി.സമൂഹത്തിലെ അടിത്തട്ടു ജീവിതത്തിന്റെ ദുരന്തവും ദുരിതവും പ്രതിഷേധവുമൊക്കെ പ്രമേയമാക്കിക്കൊണ്ട് ബംഗാളിലെ ആദിവാസി ,ദളിത് ജീവിതത്തിന്റെ അടിച്ചമര്‍ത്തപ്പെട്ട വിലാപം സാഹിത്യത്തിന്റെ ഊര്‍ജമാക്കുകയായിരുന്നു അവര്‍. വലിയൊരു സാംസ്‌ക്കാരിക പരിസരവും എഴുത്തുപാരമ്പര്യ മുതല്‍ക്കൂട്ടും നവീന വിചാരധാരയുംകൊണ്ട് മഹാശ്വേതാ ദേവി സ്വരൂപിച്ചെടുത്ത മാനവികതയുടേയും എഴുത്തിന്റെയും ആഴക്കടല്‍ തൊണ്ണൂറാം വയസിലും അവരെ മറ്റു ഭാരതീയ എഴുത്തുകാരില്‍ നിന്നും വേറിട്ടതാക്കി. എഴുത്തിലെ മാതൃസ്വരൂപത്തേയും സാമൂഹ്യപ്രവര്‍ത്തകയെന്ന മാതൃകയേയുമാണ് ഈ എഴുത്തുകാരി ഭാരതത്തിനു പുറത്തും പ്രതിനിധാനം ചെയ്യുന്നത്.ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളില്‍ ആദിവാസികള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളും ജാതീയമായ ഉച്ഛനീചത്വങ്ങളും ഉദ്യോഗസ്ഥ അഴിമതികളുമൊക്കെ മഹാശ്വേതാ ദേവിയുടെ കൃതികളിലെ അക്ഷര ഭൂപടമാണ്. ആദിവാസികളുടെ ക്ഷേമത്തിനായി അവര്‍എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. വിഭജനത്തിന്റെ തീവ്രവേദനയും ദുരിതവുമൊക്കെ കണ്ട മഹാശ്വേതാ ദേവിക്ക് അതിലെ മനുഷ്യമനസിന്റെ വിഭജനമായിരിക്കണം പിന്നീടുള്ള മാനവികതയ്ക്കായി ശബ്ദമുയര്‍ത്താന്‍ അവരെ പ്രേരിപ്പിച്ചത്.ബംഗാളിലെ ഇടതു സര്‍ക്കാരിന്റെ സിംഗൂരിലേയും നന്ദിഗ്രാമിലേയും വിവാദ നയങ്ങളെ എതിര്‍ക്കുന്നതില്‍ മഹാശ്വേതാ ദേവി മുന്‍നിരയിലായിരുന്നു.മണ്ണും കിടപ്പാടവും നഷ്ടപ്പെടുന്നവര്‍ക്കായി അവരെന്നും പ്രതിഷേധ ജ്വാലയുയര്‍ത്തി.കേരളത്തിലും ഇത്തരം പ്രശ്‌നത്തെ മുന്‍നിര്‍ത്തിയാണ് വയ്യാത്ത വേളയിലും അവര്‍ എത്തിയത്. കഥ,നാടകം,നോവല്‍ എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ രംഗങ്ങളില്‍ മഹാശ്വേതാ ദേവി തനിമയോടെ തൂലിക ചലിപ്പിച്ചു.ഝാന്‍സി റാണി,ഹജാര്‍ ചുരാഷിര്‍ മാ,ആരേണ്യര്‍ അധികാര്‍,അഗ്നി ഗര്‍ഭ,ബഷി ടുഡു,തിത്തു മിര്‍,ദി വൈ വൈ ഗേള്‍ എന്നിങ്ങനെ നിരവധി കൃതികള്‍ അവരുടേതായിട്ടുണ്ട്.ഇതില്‍ ചില കൃതികള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.ഒരു എന്തിനെന്തിനു പെണ്‍കുട്ടി എന്ന പേരില്‍ ദി വൈ വൈ ഗേള്‍ സക്കറിയ മലയാളത്തിലേക്കു തര്‍ജമ ചെയ്തിട്ടുണ്ട്. ജ്ഞാനപീഠം,മാഗ്‌സെസ അവാര്‍ഡ്,പത്മശ്രീ,പത്മ വിഭൂഷണ്‍ എന്നിവ ലഭിച്ചിട്ടുണ്ട്.ഭാരതത്തിലെ ഏറ്റവും ആദരണീയയായ ഈ എഴുത്തുകാരി കടന്നുപോകുന്നന്നത് മഹത്തായ മാനവികതയുടെ സന്ദേശം ഭാവിതലമുറയ്ക്കു കൈമാറിക്കൊണ്ടാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.