ചക്കരക്കല്‍ (കണ്ണൂര്‍): ചക്കരക്കല്‍ പോലീസ് സ്റ്റേഷനു നേരേ ബോംബെറിഞ്ഞ കേസില്‍ രണ്ട് സിപിഎമ്മുകാര്‍ റിമാന്റില്‍. കാപ്പാട് പെരിങ്ങളായി സ്വദേശികളായ അരയാക്കണ്ടി വീട്ടില്‍ എ.പ്രജില്‍ (25), പി.പി. ഹൗസില്‍ റയീസ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ താഴെചൊവ്വയില്‍ വച്ച് ചക്കരക്കല്‍ എസ്ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. തലശേരി സിജെഎം കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ മാസം ഏഴിനു പുലര്‍ച്ചെയാണു ബൈക്കിലെത്തിയ സിപിഎം സംഘം ചക്കരക്കല്‍ പോലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞത്.
സംഭവത്തിനു തലേ ദിവസം ചേലോറ റോഡില്‍ വച്ച് ബൈക്കില്‍ വരികയായിരുന്ന കാപ്പാട് സ്വദേശി നിധീഷിനെ ഈ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി അക്രമിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്തിരുന്നു. നിധീഷിനെ അക്രമിച്ച പ്രതികള്‍ക്കായി പോലീസ് ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും സംഘത്തില്‍പ്പെട്ട ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ വിരോധത്തിലാണ് ഇരുവരും പോലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞതെന്ന് ചക്കരക്കല്‍ എസ്ഐ ബിജു പറഞ്ഞു. റയീസ് നേരത്തെയും ചില കേസുകളില്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: