ഗാന്ധിവധം: രാഹുലിനെ പിന്തുണച്ച് കോടിയേരി

Friday 29 July 2016 1:36 am IST

തിരുവനന്തപുരം: ഗാന്ധി വധത്തില്‍ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുലിനെ പിന്തുണച്ച് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം മുഖപത്രമായ 'ദേശാഭിമാനി'യിലെഴുതിയ ഗാന്ധിവധവും ആര്‍എസ്എസ് ഇരട്ടത്താപ്പും എന്ന ലേഖനത്തിലൂടെയാണിത്. കേരളത്തിലും ബംഗാള്‍ മോഡല്‍ കോണ്‍ഗ്രസ്-സിപിഎം ബാന്ധവത്തിനുള്ള നീക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പരാമര്‍ശത്തിന്റെ പേരില്‍ ആര്‍എസ്എസ് നല്‍കിയ മാനനഷ്ടക്കേസില്‍ സുപ്രീം കോടതി രാഹുലിനോട് പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കാനോ വിചാരണ നേരിടാനോ തയ്യാറാകണമെന്നാണ് നിര്‍ദ്ദേശിച്ചത്. ഈ സാഹചര്യത്തിലാണ് ഗാന്ധിവധത്തിലെ ആര്‍എസ്എസ് പങ്ക് വ്യക്തമാണെന്ന നുണയുമായി കോടിയേരി ബാലകൃഷ്ണന്‍ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. അന്ധമായ ആര്‍എസ്എസ് വിരോധം മാത്രമല്ല, മറിച്ച് വേരറ്റു പൊയ്‌ക്കൊണ്ടിരിക്കുന്ന ഇടതുപ്രസ്ഥാനങ്ങളും കോണ്‍ഗ്രസും നിലനില്‍പ്പിനായി കൈകോര്‍ക്കുന്നുവെന്നാണ് വിലയിരുത്തല്‍. വിവാദവിഷയങ്ങളില്‍ ദേശീയതലത്തില്‍ സിപിഎം കോണ്‍ഗ്രസിന് നല്‍കുന്ന പിന്തുണ സംസ്ഥാനതലത്തിലും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. രാജ്യതാത്പര്യത്തിന് എതിരായ സോണിയ-യെച്ചൂരി കൂട്ടുകെട്ടിന്റെ മറ്റൊരു മുഖമാണ് കോടിയേരി തന്റെ ലേഖനത്തിലൂടെ വരച്ചുകാട്ടുന്നത്. സിപിഎം നേതാക്കള്‍ മുമ്പും ഗാന്ധിവധം ആര്‍എസ്എസിന്റെ പേരില്‍ ആരോപിച്ച് ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ, ഇ.കെ. നായനാര്‍ ഗാന്ധിവധത്തിലെ ആര്‍എസ്എസ് ബന്ധംചൂണ്ടിക്കാണിച്ചിരുന്നു, അന്ന് കേസു കൊടുക്കുമെന്ന ഭീഷണി ഉയര്‍ത്തിയിരുന്നെങ്കിലും ആര്‍എസ്എസ് കേസുമായി മുന്നോട്ടുപോയില്ലെന്നാണ് കോടിയേരിയുടെ കണ്ടെത്തല്‍. ഗാന്ധിഘാതകനായ ഗോഡ്‌സെ മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നെന്നു സമര്‍ത്ഥിക്കാനാണ് കോടിയേരി ലേഖനത്തിലുടനീളം ശ്രമിക്കുന്നത്. വാദങ്ങള്‍ തെളിയിക്കാനായി നെഹ്‌റുവിനെയും പട്ടേലിനെയും കൂട്ടുപിടിക്കുന്നുണ്ടെങ്കിലും ദുര്‍ബലമായ ആരോപണങ്ങളുന്നയിച്ച് സ്വയം പരാജയപ്പെടുന്ന കാഴ്ചയാണ് ലേഖനാവസാനത്തില്‍. ആര്‍എസ്എസിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനും പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാനും സംസ്ഥാനത്തെമ്പാടും സിപിഎം നടത്തുന്ന കുത്സിതശ്രമങ്ങള്‍ക്ക് കരുത്തുപകരാനാണ് കോടിയേരി ലേഖനത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. ഹിന്ദുമഹാസഭയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോഡ്‌സെയെക്കുറിച്ചും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും മുതിര്‍ന്ന സിപിഎം നേതാവും കോണ്‍ഗ്രസ് ബാന്ധവത്തെത്തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കുകയും ചെയ്ത സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി ഹിന്ദുമഹാ സഭക്കാരനായിരുന്നുവെന്ന സത്യം ലേഖനത്തില്‍ പറയാന്‍ കോടിയേരി മറന്നതാണെന്ന് കരുതാനാകില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.