ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വധ ഭീഷണി വന്നതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരേഡില്‍ പ്രധാനമന്ത്രിക്ക് അതീവ സുരക്ഷ ഏര്‍പ്പെടുത്തും. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് പ്രത്യേകം തയ്യാറാക്കിയ ബുള്ളറ്റ് പ്രൂഫ് കവചത്തിനുള്ളില്‍ നിന്നായിരിക്കും.
ഇന്റലിജന്‍സ് ഏജന്‍സികളും പ്രത്യേക സുരക്ഷാ ഗ്രൂപ്പുകളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നല്കിയ ശക്തമായ നിര്‍ദേശം കണക്കിലെടുത്താണ് നടപടി.
കഴിഞ്ഞ തവണയും പ്രധാനമന്ത്രിക്ക് നേരെ സുരക്ഷാ ഭീഷണി ഉണ്ടായിരുന്നെങ്കിലും തനിയ്ക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്നത് അദ്ദേഹം നിരസിച്ചിരുന്നു. എന്നാല്‍ ഇത്തവണ സുരക്ഷാ ഏജന്‍സികള്‍ നല്കുന്ന മുന്നറിയിപ്പ് പ്രധാനമന്ത്രി തള്ളിക്കളയില്ലെന്നാണ് വിലയിരുത്തല്‍. മുന്നറിയിപ്പ് സ്വീകരിച്ചാല്‍ ഇതാദ്യമായിട്ടാകും അദ്ദേഹം ഇത്രയും കനത്ത സുരക്ഷാവലയത്തിനുള്ളില്‍ നില്‍ക്കുന്നത്.
കശ്മീരില്‍ അടുത്തിടെ സംഭവിച്ച അനിഷ്ട സംഭവങ്ങളും ഭാരതത്തില്‍ വര്‍ദ്ധിച്ച് വരുന്ന ഐസിസ് ഭീഷണിയും സുരക്ഷാ ഏജന്‍സികളെ മുന്‍കരുതല്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.
വിവിധ ഭീകര സംഘടനകള്‍ തമ്മില്‍ നടത്തിയ ആശയ വിനിമയം ചോര്‍ത്തിയ സുരക്ഷാ ഏജന്‍സികളാണ് പ്രധാനമന്ത്രിയ്ക്ക് നേരെ വധ ശ്രമം ഉണ്ടായേക്കാം എന്നത് സംബന്ധിച്ച സൂചന നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് സ്റ്റേറ്റിന് പുറമേ ലഷ്ക്കര്‍ ഇ-ത്വയ്ബ, ജെയ്ഷ് ഇ മൊഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഹര്‍ക്കത്ത് ഉല് ജിഹാദി ഇസ്ളാമി എന്നിവയെല്ലാം മോദിയെ ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരം.
അല്‍ ക്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും സൈന്യത്തെയൂം പോലീസിനെയും ലക്ഷ്യമിട്ടേക്കാനുള്ള സാധ്യത നേരത്തേ തന്നെ വിവരം നല്‍കിയിട്ടുണ്ട്. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, ഐബി, അര്‍ദ്ധസൈനിക വിഭാഗം, ദല്‍ഹി പോലീസ് തുടങ്ങി റെഡ്ഫോര്‍ട്ടിന് മാത്രം 5000 പേര് സുരക്ഷാ ജോലിയില്‍ ഉണ്ടാകും. ഇതിനൊപ്പം ഡ്രോണ്‍ ആക്രമണം തടയാനുള്ള നിരീക്ഷണങ്ങളും ഉണ്ടാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: