ശൂരനാട് തെക്ക് പഞ്ചായത്തില്‍ സിപിഎം-സിപിഐ പോര്

Friday 29 July 2016 2:41 pm IST

കുന്നത്തൂര്‍: ശൂരനാട് തെക്ക്ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ സിപിഎം-സിപിഐ പോര് മുറുകുന്നു. ഏറെ നാളുകളായി പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം രംഗത്ത് വന്നിരിക്കുകയാണ്. പഞ്ചായത്തിലെ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. സിപിഎം നേതാക്കള്‍ നിര്‍ദേശിച്ച വ്യക്തികളെ നിയമിക്കാന്‍ പ്രസിഡന്റ് അനുവദിക്കാത്തതാണ് തര്‍ക്കത്തിന് കാരണമായിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ കോണ്‍ഗ്രസ് ഭരണസമിതി നിയമിച്ച ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നീക്കാനുള്ള തീരുമാനം കോടതി തടയുകയും ചെയ്തു. രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കി നിയമനം നടത്താന്‍ കഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദര്‍ശന്‍ നേതൃത്വത്തെ അറിയിച്ചു. അന്നുമുതല്‍ പ്രസിഡന്റിനെതിരെ സിപിഎം അംഗങ്ങള്‍ പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിസഹരണവുമായി മുന്നോട്ട് പോവുകയാണ്. ഇതോടെ പഞ്ചായത്ത് ഭരണം താളം തെറ്റിയ നിലയിലായി. വ്യാഴാഴ്ച രാവിലെ നടന്ന ഭരണ സമിതി യോഗത്തില്‍ നിന്നും സിപിഎം പഞ്ചായത്ത് അംഗങ്ങള്‍ ഇറങ്ങിപ്പോയി. യോഗത്തിന്റെ അജണ്ട നോട്ട് ലഭിച്ചില്ലെന്ന നിസാര കാരണമാണ് ഇറങ്ങിപ്പോക്കിന് കാരണമായി പറയുന്നത്. എന്നാല്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്ത പ്രസിഡന്റിനെതിരെ നിരന്തരം കലാപക്കൊടി ഉയര്‍ത്താനാണ് സിപിഎം അംഗങ്ങള്‍ക്ക് നിര്‍ദേശം കൊടുത്തിരിക്കുന്നത്. മുന്നണി ധാരണ അനുസരിച്ച് ആദ്യ രണ്ടര വര്‍ഷം സി.പി.ഐയും പിന്നീട് സിപിഎമ്മും പ്രസിഡന്റ് പദവി പങ്കിടാനാണ് തീരുമാനിച്ചത്. എന്നാല്‍ കാലാവധിക്ക് മുന്നേ പ്രസിഡന്റിനെ മാറ്റണമെന്ന് സിപിഐ നേതൃത്വത്തോട് സിപിഎം ആവശ്യപ്പെട്ടതായും അറിയുന്നു. എന്നാല്‍ സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവം അംഗീകരിച്ചു കൊടുക്കേണ്ടന്ന നിലപാടിലാണ് സിപിഐ നേതൃത്വവും. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് ചേര്‍ന്ന ഇടതു മുന്നണി യോഗവും തീരുമാനമാകാതെ പിരിയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.