തിരുവനന്തപുരം: കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ അധ്യക്ഷ പദവിയില്‍ നിന്ന് ജിജി തോംസണെ മാറ്റി. ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് നടപടി. മുന്‍ ചീഫ് സെക്രട്ടറി കൂടിയായ ഇദ്ദേഹം വിദേശയാത്രയിലായിരുന്ന സമയത്താണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥാനഭ്രംശമുണ്ടായത്. കഴിഞ്ഞാഴ്ചയാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വന്നത്. സംഭവത്തെക്കുറിച്ച് വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്നതാണ് ഏറ്റവും വലിയ രസകരമായ വസ്തുത.
കോര്‍പ്പറേഷന്റെ ചുമതല താത്ക്കാലികമായി വ്യവസായ സെക്രട്ടറിയായ പി.എച്ച്. കുര്യന് നല്‍കുകയും ചെയ്തു.
എന്നാലിപ്പോള്‍ കുര്യനെ റവന്യൂ സെക്രട്ടറിയാക്കി. ഇതോടെ വീണ്ടും കെഎസ്ഐഡിസി നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു.
2015ജൂണിലാണ് അന്നത്തെ ചീഫ്സെക്രട്ടറിയായിരുന്ന ജിജി തോംസണെ കെഎസ്ഐഡിസി അധ്യക്ഷനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമിച്ചത്. പതിനാറ് വര്‍ഷത്തെ സേവനത്തിന് ശേഷം ടികെഎ നായര്‍ വിരമിച്ച ഒഴിവിലേക്കായിരുന്നു നിയമനം.
ഇക്കൊല്ലം ഫെബ്രുവരിയില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച തോംസണെ മുഖ്യമന്ത്രി പ്രത്യേക താത്പര്യപ്രകാരം സ്വന്തം ഉപദേഷ്ടാവായി നിയമിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നത് വരെ അദ്ദേഹം ആ പദവി കൈകാര്യം ചെയ്തു.
ഇടതുപക്ഷം അധികാരത്തിലേറിയപ്പോള്‍ വ്യവസായ – കായികമന്ത്രി ഇ.പി.ജയരാജന് ജിജി തോംസണോട് കെഎസ്ഐഡിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ നിര്‍ദേശിച്ചു.
എന്നാല്‍ ഇദ്ദേഹത്തെ പദവിയില്‍ നിന്ന് മാറ്റിയത് ജയരാജന്റെ അറിവോടെയല്ല.
സാധാരണയായി രാഷ്ട്രീയ നിയമനം നേടിയവര്‍ സര്‍ക്കാര്‍ മാറി വരുമ്പോള്‍ രാജി വയ്ക്കുകയാണ് പതിവ്. എന്നാല്‍ കെഎസ്ഐഡിസി ഇതിന്റെ പ്രവര്‍ത്തനത്തില്‍ അല്‍പ്പം വ്യത്യസ്തമാണ്. കോര്പ്പറേഷന് നിയന്ത്രണം ഉദ്യോഗസ്ഥരുടെയും വ്യവസായികളുടെയും കയ്യിലാണ്.
മറ്റ് വകുപ്പുകളില്‍ വിദഗ്ദ്ധരാണ് രാഷ്ട്രീയ പ്രതിനിധികളായെത്തുന്നത്.
കെഎസ്ഐഡിസി എംഡി, വൈദ്യുതി ബോര്‍ഡ് ചെയര്മാന്, കിന്‍ഫ്രാ എംഡി, ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഫിനാന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി, തുടങ്ങിയവരാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ബോര്‍ഡിന്റെ പതിനാലംഗ ഭരണസമിതിയിലുളളത്. ബാക്കിയുളളവര്‍ വ്യവസായികളാണ്.
അത് കൊണ്ട് തന്നെ സര്‍ക്കാര്‍ മാറുന്നതനുസരിച്ച് ഇവര്‍ക്ക് നിര്‍ബന്ധിത സ്ഥാനചലനമുണ്ടാകുന്നുമില്ല.
ഓരോ ബോര്‍ഡിനെയും ആര് നയിക്കണമെന്ന് തീരുമാനിക്കാനുളള അധികാരം അതത് സര്‍ക്കാരുകള്‍ക്കുണ്ടെന്ന് പറയുന്ന തോംസണ്‍ പക്ഷേ തല്‍സ്ഥാനത്ത് നിന്ന് നീക്കുമ്പോള്‍ തന്നോട് അല്പം കൂടി മര്യാദ കാട്ടാമായിരുന്നെന്നും കൂട്ടിച്ചേര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: