ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് നേട്ടം

Saturday 30 July 2016 12:21 am IST

ആശാനാഥ്, ജ്യോതിഷ് ഡി.ഭട്ട്, സിന്ധു അനില്‍കുമാര്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന പാപ്പനംകോട് നിലനിര്‍ത്തിയ ബിജെപി മറ്റു രണ്ടിടങ്ങളില്‍ രണ്ടു സീറ്റ് അധികം നേടി. യുഡിഎഫ് ഭരണത്തില്‍ ബിജെപി കൈവരിച്ച നേട്ടം ഇടതു ഭരണകാലത്തും ബിജെപി തുടരുകയാണ്. ചേര്‍ത്തല നഗരസഭയിലും കോട്ടയം മണര്‍ക്കാട് പഞ്ചായത്തിലും ബിജെപി അട്ടിമറി വിജയം കൈവരിച്ചു. തിരുവനന്തപുരം നഗരസഭയില്‍ പാപ്പനംകോട് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആശാനാഥ് 35 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപി സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിനെയാണ് ആശാനാഥ് പരാജയപ്പെടുത്തിയത്. യുഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തായി. ചേര്‍ത്തല നഗരസഭയില്‍ സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ ബിജെപിയിലെ ജ്യോതിഷ് ഡി. ഭട്ട് 134 വോട്ടിന് വിജയിച്ചു. ജ്യോതിഷിന്റെ വിജയത്തോടെ ചേര്‍ത്തല നഗരസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. സ്വതന്ത്രനായിരുന്നു കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത്. കോട്ടയം ജില്ലയില്‍ മണര്‍കാട് പഞ്ചായത്തിലെ പറമ്പുകര വാര്‍ഡില്‍ ബിജെപിയിലെ സിന്ധു അനില്‍കുമാര്‍ 198 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായി. ഉദുമ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതോടെ കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് ഭൂരിപക്ഷം നിലനിര്‍ത്തി. തൊടുപുഴ കൊക്കയാര്‍ മുളംകുന്ന് വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ തോമസ് ലൂക്കോസ് വിജയിച്ചതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. ഉപതെരഞ്ഞെടുപ്പ് നടന്ന 15 വാര്‍ഡുകളില്‍ ബിജെപിക്ക് മൂന്നും, എല്‍ഡിഎഫ് ഏഴും, യുഡിഎഫ് അഞ്ചും വാര്‍ഡുകളില്‍ വിജയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.