ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ കാര്യക്ഷമമായ നടപടികള്‍ വേണം

Saturday 30 July 2016 10:29 am IST

പെരിന്തല്‍മണ്ണ; ആശുപത്രി നഗരം എന്ന പേരില്‍ പ്രശസ്തമാണ് പെരിന്തല്‍മണ്ണ. തൊട്ടടുത്തുള്ള അങ്ങാടിപ്പുറമാകട്ടേ ക്ഷേത്രനഗരി എന്ന പേരിലും അറിയപ്പെടുന്നു. ഈ രണ്ടു സ്ഥലങ്ങളിലും അനുദിനം എത്തുന്നത് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ്. ഈ സ്ഥലങ്ങളില്‍ എത്തേണ്ടവര്‍ ട്രെയിന്‍ യാത്രക്ക് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനെയും ദീര്‍ഘദൂര ബസ് യാത്രക്ക് പെരിന്തല്‍മണ്ണയെയും ആശ്രയിക്കുന്നു. അതുകൊണ്ട് തന്നെ ഈ രണ്ട് സ്ഥലങ്ങള്ക്കിടയിലാണ് ഏറ്റവും അധികം ആളുകള് യാത്ര ചെയ്യുന്നതും. കുറ്റമറ്റ ഗതാഗത സംവിധാനത്തിന്റെ ആവശ്യകത ഇവിടെ അത്യന്താപേക്ഷികമാണ് . എന്നാല്‍ അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണ സമിതിയും പെരിന്തല്‍മണ്ണ നഗരസഭയും ഇക്കാര്യത്തില്‍ വേണ്ട ജാഗ്രത പുലര്‍ത്തുന്നുണ്ടോയെന്ന് സംശയമാണ്. രണ്ടിടത്തും ഭരണചക്രം കയ്യാളുന്നത് സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷമാണ്. അതേസമയം അങ്ങാടിപ്പുറം ഉള്‍പ്പെടുന്ന മങ്കട നിയോജക മണ്ഡലവും തൊട്ടടുത്ത് പെരിന്തല്‍മണ്ണ നിയോജക മണ്ഡലവും നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് മുസ്ലീം ലീഗ് എംഎല്‍എമാരും. ഈ രണ്ട് പാര്‍ട്ടി നേതാക്കള്‍ക്ക് ഇടയിലുള്ള അന്തര്‍ധാര പലപ്പോഴും സജീവമാണെങ്കിലും ഈ രണ്ട് സ്ഥലങ്ങളില്‍ എത്തിപ്പെടണമെങ്കില്‍ പൊതുജനങ്ങള്‍ മൂക്ക് കൊണ്ട് ക്ഷ'വരക്കേണ്ടി വരും. പെരിന്തല്‍മണ്ണയിലെ അഴിയാക്കുരുക്കുകള് തേടിയുള്ള ജന്മഭൂമിയുടെ അന്വേഷണം തുടരുന്നു. നഗരസഭയുടെ ഉത്തരവ് പാഴ്‌വാക്കായി കന്നുകാലികള്‍ റോഡിലൂടെ വിലസുന്നു നഗരത്തില് ഉടനീളം കാണാവുന്ന കാഴ്ചയാണ് നടുറോഡിലൂടെ അലയുന്ന കന്നുകാലികള്‍. ബൈപ്പാസ് ജംഗ്ഷന്‍ മാനത്തുമംഗലം റോഡാണ് ഇവയുടെ പ്രധാന താവളം. ഊട്ടി റോഡിലെ സ്വകാര്യ ആശുപത്രി കഴിഞ്ഞുള്ള മാലിന്യ കൂമ്പാരം ഇവയുടെ പ്രധാന കേന്ദ്രമാണ്. ചിലപ്പോഴൊക്കെ പാലക്കാട് റോഡില്‍ മനഴി ബസ് സ്റ്റാന്‍ഡ് പരിസരത്തും അലഞ്ഞു തിരിയുന്ന മിണ്ടാപ്രാണികളെ കാണാം. നാലും അഞ്ചും കാലികളാണ് ഒരേ സമയം റോഡിലൂടെ വിഹരിക്കുന്നത്. ഇവ നിരന്ന് നടന്നാല്‍ തന്നെ റോഡ് ബ്ലോക്കാകും. ഏതെങ്കിലും ഡ്രൈവര്‍മാര്‍ റോഡിലിറങ്ങി ഇവയെ വകഞ്ഞ് മാറ്റിയാല്‍ മാത്രമേ മറ്റു വാഹനങ്ങള്‍ക്ക് പോലും പോകാന്‍ സാധിക്കുകയുള്ളു. പലരും ഇതിന് തയ്യാറാവുകയുമില്ല. പിന്നെ ആകെയുള്ള പ്രതിവിധി ഉച്ചത്തില്‍ ഹോണ്‍ മുഴക്കി ഭയപ്പെടുത്തുക മാത്രമാണ്. നഗരത്തില്‍ അലഞ്ഞു തിരിയുന്ന കാലികളെ പിടിച്ചു കെട്ടണമെന്നും അല്ലാത്ത പക്ഷം അവയെ ലേലം ചെയ്യുമെന്നും നഗരസഭ നിരവധി തവണ ഉത്തരവ് ഇറക്കിയതാണ്. പക്ഷേ, ഫലം കണ്ടില്ലെന്ന് മാത്രം. കന്നുകാലികളുടെ ഉടമസ്ഥരാരെന്ന് കണ്ടെത്തി നേരില്‍ കണ്ട് വിവരം അറിയിക്കുക മാത്രമാണ് ഒരേയൊരു പ്രതിവിധി. വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കിന്റെ കാഠിന്യത്തെ പറ്റി ഉടമസ്ഥരെ ബോധവാന്മാരാക്കണം. അല്ലാതെ പത്രക്കുറിപ്പ് ഇറക്കിയതുകൊണ്ട് മാത്രം ഈ പ്രശ്‌നം അവസാനിക്കില്ല. മൊബൈല്‍ ഫോണും വില്ലന്‍ ആയിരം ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാലും പ്രശ്‌നമില്ല, ഒരു ഹെല്‍മറ്റ് ഇല്ലാത്തവന്‍ പോലും രക്ഷപെടരുത് എന്നതാണ് ഹൈവേ പോലീസിന്റെ ആപ്തവാക്യമെന്ന് ന്യൂജന്‍ തലമുറ പറയുന്നു. ഒരു വിധത്തില്‍ അവരെ കുറ്റം പറയാനും സാധിക്കില്ല. കാരണം ട്രാഫിക് പോലീസിന്റെ കണ്‍മുന്നില്‍ പോലും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നത് പെരിന്തല്‍മണ്ണയിലെ സ്ഥിരം കാഴ്ചയാണ്. പ്രധാനമായും സ്വകാര്യ വാഹന ഡ്രൈവര്‍മാരാണ് ഇക്കാര്യത്തില്‍ മുന്നില്‍. ആഡംബര വാഹനം ഓടിക്കുന്നവരാണെങ്കില്‍ പറയുകയും വേണ്ട. പെരിന്തല്‍മണ്ണ നഗരത്തില്‍, നിയമലംഘനം നടത്തുന്നവരുടെ ഫോട്ടോ എടുക്കുന്നതിന് മാത്രം രണ്ട് പോലീസുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോരാത്തതിന് ഹൈവേ പോലീസ് വക ചെക്കിംഗ് വേറെയും. ഇത്രയൊക്കെയാണെങ്കിലും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നവര്‍ രക്ഷപ്പെടുകയാണ്. അനധികൃത പാര്‍ക്കിംഗിനെതിരെ വ്യാപാരികള്‍ രംഗത്ത് അനധികൃത പാര്‍ക്കിംഗിനെതിരെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഷോപ്പിംഗ് മാളിലെ വ്യാപാരികള്‍ രംഗത്ത്. ദീര്‍ഘദൂര യാത്രക്കാര്‍ അവരുടെ വാഹനങ്ങള്‍ സെക്യൂരിറ്റി ജീവനക്കാരന്റെ കണ്ണ് വെട്ടിച്ച് മാളുകളില്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം ഇവിടെക്ക് വരുന്ന ആവശ്യക്കാര്‍ക്ക് പാര്‍ക്കിംഗ് സൌകര്യം ലഭിക്കാതെ പോകുകയും അത് മൂലം വ്യാപാരത്തില്‍ വന്‍ നഷ്ടവും വരുന്നതായി വ്യാപാരികള്‍ ആരോപിക്കുന്നു. വരും ദിവസങ്ങളില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുകയും അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വ്യാപാരികളും ഷോപ്പിംഗ്മാള്‍ മേനേജ്‌മെന്റും അറിയിച്ചു. പാറ്ക്കിംഗ് സൗകര്യം ഒരുക്കുന്നതിലെ നഗരസഭയുടെ അനാസ്ഥയെ പറ്റി ജന്മഭൂമി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.