ആയിരം കോടിയേരിമാര്‍ ജന്മമെടുത്താലും ആര്‍എസ്എസിനെ തൊടാന്‍ സാധിക്കില്ല

Saturday 30 July 2016 9:57 am IST

അന്ധന്‍ ആനയെ കണ്ട അവസ്ഥയിലുള്ള അഭിപ്രായമാണ് ബിജെപി- ആര്‍എസ്എസ് സംഘടനകളെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. ആര്‍എസ്എസിനും ബിജെപിക്കും രണ്ടു നാവുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ കോടിയേരി പ്രസ്ഥാവിച്ചത്. ഇതിനുമുമ്പ് ചൊരിഞ്ഞ ആക്ഷേപങ്ങളും ആയുധങ്ങളുമൊന്നും ബിജെപി ആര്‍എസ്എസ് സംഘടനകളെ തകര്‍ക്കാനോ തളര്‍ത്താനോ ഉപകരിച്ചിട്ടില്ല. അതേ സമയം ആക്ഷേപം ചൊരിഞ്ഞവര്‍ ക്ഷീണിച്ചതാണ് അനുഭവം. നെഹ്‌റുവിനു ശേഷം കേന്ദ്രത്തില്‍ ഇ എം എസ് എന്നെഴുതിയ ചുമരുകള്‍ കമ്മ്യുണിസ്റ്റുകാരെ നോക്കി കൊഞ്ഞനം കുത്തുകയാണ്. അഖിലേന്ത്യാ തലത്തില്‍ പടര്‍ന്ന് പടര്‍ന്ന് പന്തലിക്കാന്‍ ഒരുങ്ങിപുറപ്പെട്ട സിപിഎം ഇന്നൊരു പ്രാദേശിക പാര്‍ട്ടിയുടെ തലത്തിലേക്ക് ചുരുങ്ങി. 17 സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിച്ച കമ്മ്യണിസ്റ്റ് പാര്‍ട്ടി ഒന്നുരണ്ടു സംസ്ഥാനങ്ങളിലെക്കൊതുങ്ങി. നവതി പിന്നിട്ട കമ്മ്യുണിസ്റ്റ് പാര്‍ട്ടികളെ നാശത്തിന്റെ നാളുകളാണ് കാക്കുന്നത്. സമപ്രായമായ ആര്‍എസ്എസ് പടര്‍ന്നു പന്തലിച്ചു. 35 വര്‍ഷം പ്രായമായ ബിജെപിയാകട്ടെ 14 സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്നു. 25 സംസ്ഥാനങ്ങളില്‍ ജനപ്രതിനിധികളുണ്ട്. ലോകസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള ബിജെപിക്ക് മാത്രം 62 പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍ പാര്‍ലമെന്റ് അംഗമുണ്ട്. ഇതുകൊണ്ടുതന്നെ ബിജെപി ദളിത് വിരുദ്ധമെന്ന ആക്ഷേപത്തിന്റെ മുനയൊടിയുകയാണ്. ആയിരം ജന്മമെടുത്താലും കോടിയേരിമാര്‍ക്ക് ആര്‍എസ്എസ്-ബിജെപി സംഘടനകളെ തിരിച്ചറിയാന്‍ കഴിയില്ല. അനുകരണങ്ങളിലൂടെ ആര്‍എസ്എസ്-ബിജെപി സംഘടനകളുടെ ശക്തിയിലെത്താന്‍ കഴിയുമോ എന്ന പരീക്ഷണത്തിലാണവര്‍. ശ്രീകൃഷ്ണജയന്തിയും ശ്രീചട്ടമ്പിസ്വാമി ജയന്തിയും ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളും ആഘോഷിക്കാനുള്ള തയ്യറെടുപ്പ് അതിന്റെ ഭാഗമാണ്. മാര്‍ക്‌സിനെ ഉപേക്ഷിച്ച് മഹര്‍ഷിമാരെ ആശ്രയിക്കുന്ന സിപിഎം, രാഷ്ടീയത്തിലെ മാരീചനാണ്. സത്യവും ധര്‍മ്മവും അവരുടെ ആശയത്തിലും പ്രവര്‍ത്തനത്തിലുമില്ല. ലക്ഷ്യമാണവര്‍ക്ക് മുഖ്യം. മാര്‍ഗം എന്തുമാവാം.അത് ഭാരതീയമല്ല.ഭാരതീയമല്ലാത്തതൊന്നും ഭാരതത്തിൽ ശ്വാശ്വതമായി നിലനില്‍ക്കാനാവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.