നിര്‍മ്മാണം പൂര്‍ത്തിയായി: വിളക്കുടി ഇഎസ്‌ഐ ഉദ്ഘാടനം വൈകുന്നു

Saturday 30 July 2016 4:29 pm IST

പത്തനാപുരം: വിളക്കുടി നിവാസികളുടെ ചിരകാല സ്വപ്‌നമായ കാവല്‍പ്പുര ഇഎസ്‌ഐ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഫര്‍ണിഷിങ് നടത്തി പ്രവര്‍ത്തനസജ്ജമായ ആശുപത്രി കെട്ടിടം ഇനി ഉദ്ഘാടനം ചെയ്യുകയേ വേണ്ടൂ. എന്നാല്‍ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് തുറന്ന് നല്‍കുന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനമാകാത്തത് പ്രദേശവാസികളെ നിരാശരാക്കുകയാണ്. ആശുപത്രിയുടെ മുന്‍ഭാഗം മനോഹരമാക്കുന്നതിനായി ലാന്‍ഡ് സ്‌കേപ്പിങ് നടത്താന്‍ വലിയ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ നിരത്തിയെങ്കിലും ഈ ജോലി പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടാണ്. ആശുപത്രിയുടെ നിര്‍മ്മാണചുമതലയുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് ഉപകരാര്‍ നല്‍കിയിരിക്കുന്ന സ്വകാര്യ നിര്‍മ്മാണക്കമ്പനിക്ക് അവസാനഗഡുവായി നല്‍കാനുള്ള 23 ലക്ഷം രൂപ നല്‍കിയിട്ടില്ല. ഇക്കാരണത്താലാണ് പ്രകൃതിഭംഗിയൊരുക്കുന്ന ജോലികള്‍ കരാര്‍കമ്പനി ഉപേക്ഷിച്ചത്. പെയിന്റിങ്, വയറിങ്, പ്ലമ്പിങ്, തറയോട് പാകല്‍ തുടങ്ങിയ ജോലികളെല്ലാം പൂര്‍ത്തിയാക്കിയ കെട്ടിടത്തിനുള്ളില്‍ ആശുപത്രി കെട്ടിടത്തിനാവശ്യമായ ഫര്‍ണീച്ചറുകളും എത്തിച്ചിട്ടുണ്ട്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകിയതോടെ ആശുപത്രി പരിസരം കാട് മൂടിയ നിലയിലാണ്. നിലവില്‍ കാവല്‍പ്പുരയില്‍ തന്നെയുള്ള വാടകക്കെട്ടിടത്തിലാണ് ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നത്. ഒരു ഡോക്ടറടക്കം എട്ട് ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ഇത് ജനങ്ങള്‍ക്ക് തുറന്നുനല്‍കാനുള്ള നീക്കം വേഗത്തിലാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. രണ്ട് പരിശോധനാമുറികള്‍, ഡോക്‌ടേഴ്‌സ് റൂം, ഫാര്‍മസി, റിസപ്ഷന്‍, ഇന്‍ചാര്‍ജ്ജ് റൂം, അഡ്മിനിസ്‌ട്രേഷന്‍, സ്‌റ്റോര്‍, ഇഞ്ചക്ഷന്‍, ഡ്രസിങ്, ഒബ്‌സര്‍വേഷന്‍, ഇമ്യൂണൈസേഷന്‍, റെക്കോര്‍ഡ്‌സ് എന്നീ ആവശ്യങ്ങള്‍ക്കായി കെട്ടിടത്തില്‍ പ്രത്യേകം റൂമുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ശൗചാലയങ്ങളും കെട്ടിടത്തിനുള്ളില്‍ തന്നെയാണ്. പുറത്ത് വാഹന പാര്‍ക്കിങ്ങിനും സംവിധാനമൊരുക്കുന്നുണ്ട്. കുഴല്‍കിണര്‍ സ്ഥാപിച്ചാണ് ആശുപത്രിയിലേക്കാവശ്യമായ വെള്ളമെടുക്കുന്നത്. വെള്ളം സംഭരിക്കാന്‍ പ്രത്യേക ടാങ്കും നിര്‍മ്മിച്ചിട്ടുണ്ട്. 2013 ഏപ്രില്‍ 13ന് ശിലാസ്ഥാപനം നടത്തിയെങ്കിലും ആശുപത്രിയുടെ നിര്‍മ്മാണം തുടങ്ങിയത് അതേ വര്‍ഷം നവംബര്‍ മൂന്നിനാണ്. 2015 മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഭരണം മാറിയതോടെ നിര്‍മ്മാണം ഇഴഞ്ഞു. 1988ല്‍ സ്വകാര്യവ്യക്തിയില്‍ നിന്നാണ് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ കാവല്‍പ്പുരയിലെ ഒരേക്കറിലധികം ഭൂമിവിലക്ക് വാങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.