മാര്‍ക്‌സിസ്റ്റ് ബാലന്‍

Saturday 30 July 2016 8:51 pm IST

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സഖാക്കള്‍ ആകെ ഉഷാറിലാണ്. ആര്‍എസ്എസുകാര്‍ ഇത്രകാലവും മേച്ചില്‍പ്പുറങ്ങളാക്കിവെച്ചിരുന്നതൊക്കെ പാര്‍ട്ടി വരുതിയിലാക്കുന്നതിന്റെ ആനന്ദം ഒന്നുവേറെയാണ്. കാര്യങ്ങള്‍ ഇത്തരത്തില്‍ പോയാല്‍ ഇത്തവണത്തെ ജന്മാഷ്ടമി ആഘോഷങ്ങള്‍ കഴിയുന്നതോടെ പാര്‍ട്ടിക്കാര്‍ ആ കാക്കി നിക്കര്‍ എടുത്തണിയും. നാസി ഹിറ്റ്‌ലറിന്റെയും ഫാസിസ്റ്റ് മുസോളിനിയുടെയും പാഠശാലയില്‍ നിന്ന് പഠിച്ചിറങ്ങിയ ആര്‍എസ്എസ് കാപാലികവൃന്ദം നടപ്പിലാക്കിയ ദൈനംദിന കായിക പരിശീലനത്തിന് കോപ്പുകൂട്ടിക്കൊള്ളാന്‍ നാടെമ്പാടുമുള്ള പാര്‍ട്ടിക്കാരോട് സഖാവ് ജാമ്യരോഗനും കൂട്ടരും ആഹ്വാനം ചെയ്തുകഴിഞ്ഞു. പറഞ്ഞും പാടിയും സിപിഎം ആ പൗണ്ഡ്രകവേഷം കെട്ടുകയാണ്. കാരായി രാജന്‍ ഗണഗീതം ചൊല്ലുന്നു. ജാമ്യരോഗന്‍ സഖാവ് അയ്യപ്പന്മാര്‍ക്ക് കഞ്ഞിസദ്യയും ഇടത്താവളവും ഒരുക്കുന്നു. സഖാവ് മുഹമ്മദലി ജന്മാഷ്ടമിദിവസം ഓണാഘോഷം നടത്തുന്നു. കോടിയേരി സഖാവ് ശാഖ തുടങ്ങാന്‍ പോകുന്നു. ആലപ്പുഴയില്‍ സുഖാകരമന്ത്രിയും കൂട്ടുകാരും കൂട്ടത്തിരുവാതിര നടത്തി പാര്‍ട്ടിസമ്മേളനം ആഘോഷമാക്കുന്നു..... ഇനിയെന്തിനാണ് ആര്‍എസുഎസുകാരന്‍ നാട്ടില്‍. ഒരുത്തനെയും ബാക്കിവെക്കാതെ ഇല്ലാതാക്കാനാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കീനേരി അച്ചു വക പയ്യന്നൂര്‍ ശാസനം. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് ബാലേഷ്ണന്‍ സഖാവിന്റെ പയ്യന്നൂര്‍ കൊലവിളിയെന്ന് ബിജെപിക്കാരും കോണ്‍ഗ്രസുകാരും പരാതി പറയുന്നു. എന്നാല്‍ കണ്ണില്‍കുത്താന്‍ വരുന്ന ഈച്ചയ്ക്കുള്ള ആട്ടാണ് അതെന്നാണ് പരാതി കനത്തപ്പോള്‍ സഖാവിന്റെ സാക്ഷ്യം. പകപോക്കല്‍ രാഷ്ട്രീയത്തിന്റെ വക്താവായ പിണറായി വിജയന്‍ എല്ലാം ശരിയാക്കാന്‍ മുഖ്യമന്ത്രിയായതുമുതല്‍ കൊടിയേരിക്ക് ലഭിച്ച ഏറ്റവും പ്രിയപ്പെട്ട തൊഴിലാണ് ഇപ്പറഞ്ഞ ആട്ടല്‍. ഇങ്ങനെ ഈച്ചയെ ആട്ടിയിരുന്നാല്‍ മതിയോ എന്ന് മാലോകര്‍ ചോദിച്ചുതുടങ്ങിയപ്പോഴാണ് ഇദ്ദേഹം പയ്യന്നൂര്‍ കവലയില്‍ 'വാക്ക'ത്തിയൂരിക്കാട്ടി കീനേരി അച്ചുവായത്. പറയുന്നതുകേട്ടാല്‍ത്തോന്നും ഗാന്ധിജിയുടെ ഗ്രാമസ്വരാജായിരുന്നു പ്രസംഗവിഷയമെന്ന്. ഗ്രാമീണരുടെ രക്ഷയ്ക്ക് സഖാക്കന്മാര്‍ ഉറക്കമിളച്ച് കാത്തിരിക്കണമെന്നും അക്രമിക്കാന്‍ വരുന്നവര്‍ വന്നതുപോലെ തിരിച്ചുപോകില്ലെന്ന് ഉറപ്പാക്കണമെന്നും അതിനുവേണ്ട കരുത്തുണ്ടാക്കാന്‍ കായികപരിശീലനങ്ങള്‍ ആരംഭിക്കണമെന്നുമൊക്കെ കൊടിയേരി വെച്ചുകാച്ചി. തനിക്കുള്ളതുങ്ങളെയൊക്കെ കെട്ടിപ്പെറുക്കി വെളിനാടുകളിലയച്ച് മുന്തിയ കമ്പനികളില്‍ ജോലിക്കാക്കിയിട്ടാണ് സഖാവ് പയ്യന്നൂരെ പാര്‍ട്ടിക്കാരോട് കായികപരിശീലനത്തിനൊരുങ്ങാന്‍ ആഹ്വാനം ചെയ്യുന്നത്. മുമ്പോരിക്കല്‍ ഇതുപോലൊരാവേശത്തിനാണ് വേണ്ടിവന്നാല്‍ തലശ്ശേരി പോലീസ് സ്റ്റേഷനു മുന്നിലും ബോംബ്‌പൊട്ടിക്കും എന്ന് വിളിച്ചുകൂവിയത്. ബോംബ്‌നിര്‍മ്മാണം കുടില്‍ വ്യവസായവും ബോംബേറ് പാര്‍ട്ടിയുടെ സ്ഥിരം കായികവിനോദവുമാക്കിയത് അന്വേഷിക്കാന്‍ ചെന്ന പോലീസുകാരോടുള്ള കലിപ്പ് തീര്‍ക്കാനായിരുന്നു അന്നത്തെ ആക്രോശം. അതുംകേട്ട് ലഹരിപിടിച്ച സഖാക്കന്മാര്‍ ആര്‍ത്തുവിളിച്ചത് 'പുല്ലാണേ പുല്ലാണേ പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ' എന്നാണ്. പിന്നെ ഇപ്പറഞ്ഞ കോടിയേരി രണ്ടുവണ്ടിപ്പുല്ല് മുമ്പിലും രണ്ടുവണ്ടി പുല്ല് പിന്നിലുമായിട്ടാണ് കേരളമാകെ സഞ്ചരിച്ചതെന്നത് വേറെ കാര്യം. എന്തായാലും പയ്യന്നൂരിലെ കൊലവിളി വിവാദമായതോടെയാണ് ഗ്രാമസംരക്ഷണത്തിനുള്ള പ്രതിരോധമാണ് മഹാത്മാവായ കോടിയേരി ഉദ്ദേശിച്ചതെന്ന പാര്‍ട്ടി വ്യാഖ്യാനം ഉണ്ടായത്. ഗ്രാമങ്ങളുടെയാകെ രക്ഷയ്ക്ക് ജൈവകൃഷിയും പശുപാലനവും പരിസ്ഥിതി സംരക്ഷണവുമൊക്കെയായി നാടെമ്പാടും പദ്ധതികളും പരിപാടികളും തിമിര്‍ക്കുമ്പോഴാണ് ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ പാര്‍ട്ടിയുടെ നേതാക്കള്‍ പ്രതിരോധത്തിന് വഴിതേടുന്നത്. ഗ്രാമീണരെല്ലാം ഭയപ്പാടിലാണ്. അവരെ സംരക്ഷിക്കാനാണ് ജാമ്യരോഗന്‍ സഖാവിന്റെ നേതൃത്വത്തില്‍ കായികപരിശീലനം ആരംഭിക്കുന്നത്. കായികപരിശീലനംകൊണ്ടു പോരാതെവന്നാല്‍ എല്ലാ ഗ്രാമീണരും പാര്‍ട്ടി സെക്രട്ടറി കെട്ടിയിരിക്കുന്നതുപോലെ ഒരു ഏലസ് ജപിച്ചുകെട്ടുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണെന്നും അഭിപ്രായമുണ്ട്. കാടാമ്പുഴയിലെ പൂമൂടലും ശത്രുസംഹാരപൂജയും മുതല്‍ പ്രമേഹം അളക്കുന്ന അത്യപൂര്‍വസിദ്ധിയുള്ള ഉറുക്കും നൂലും വരെ ഏത് സൈസും എടുക്കും ബാലേഷ്ണന്‍ സഖാവ്. പക്ഷേ അതാരും കാണരുത്. കണ്ടാല്‍ മറ്റാരെയും കാണിക്കരുത്. കാണുന്നവരാരും ആരോടും പറയരുത്. ഇനിയെങ്ങാനും പറഞ്ഞാല്‍ ചാനലിലെ പരദൂഷണക്കാര്‍ രണ്ടെണ്ണവും ഒരുമിച്ച് വന്നിരുന്ന് 'ലേലു അല്ലു ലേലു അല്ലു' എന്നു പാടിയതുപോലെ പാടേണ്ടിവരും. സഖാവ് ജാമ്യരോഗന്റെ പവര്‍ അതാണ്. സിബിഐ എന്നുകേട്ടാല്‍ നെഞ്ചുംപൊത്തിപ്പിടിച്ച് തല്ലിയലച്ചുവീഴുമെന്നതൊഴിച്ചാല്‍ ആളൊരു ധീരനും വലിയ കലാകാരനുമാണ്. എതിരാളികളെ പതിയിരുന്നു കൊല്ലിക്കുക മാത്രമല്ല കൊലപാതകം നടന്ന സ്ഥലത്ത് ആണ്ടുശ്രാദ്ധത്തിന് മിണ്ടാപ്രാണികളെ കൊന്നുകെട്ടിത്തൂക്കി ബേബിയന്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ നടത്തിക്കുന്നതിനുള്ള കലാപരമായ ആസൂത്രണപാടവുമുണ്ട് സഖാവിനെന്ന് പരക്കെ ആരോപണമുണ്ട്. എന്തായാലും ഇത്രയും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി രാത്രി പകലാക്കി കാത്തിരുന്ന് മസിലുപെരുപ്പിച്ച് സംരക്ഷിക്കാന്‍ ഈ ഗ്രാമമെന്താ കോടിയേരിയുടെയും കൂട്ടക്കാരുടെയും കുടുംബവകയോ എന്ന ഒരു ചോദ്യം സാധാരണക്കാരന്റെ മനസില്‍ ഒരു കുരുത്തക്കേടിന് ഉയര്‍ന്നുവരാനിടയുണ്ട്. പാര്‍ട്ടിഗ്രാമം എന്നും പാര്‍ട്ടി കോടതി എന്നുമൊക്കെ പണ്ടാരാണ്ടോ പറഞ്ഞപ്പോള്‍ അങ്ങനെയൊന്നില്ല എന്ന് ന്യായവാദം നിരത്തിയ ഇടതുബുദ്ധിമാന്മാരും മാധ്യമ ഉപഭോഗജീവികളും ജീവനോടെയിരിക്കുമ്പോഴാണ് പയ്യന്നൂരില്‍ നമ്മുടെ ഗ്രാമത്തിലേക്ക് വരുന്നവര്‍ വന്നപോലെ മടങ്ങിപ്പോകരുതെന്ന് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ ആക്രോശിക്കുന്നത്. ലൗജിഹാദും പാര്‍ട്ടിഗ്രാമവും ഉട്ടോപ്യന്‍ പ്രയോഗങ്ങളാണെന്നുപറഞ്ഞവരൊക്കെ ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റിനെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും ഭയന്നുപുറത്തിറങ്ങാത്ത പരുവത്തിലാണ്. അപ്പോള്‍ സംഗതി അതാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ അവിടവിടെയായി ചോദ്യങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു. ആര്‍എസ്എസിനോടും നരേന്ദ്രമോദിയോടും എന്തിന് കെ.പി. ശശികല ടീച്ചറിന്റെ പ്രസംഗങ്ങളോടുമൊക്കെ സഖാക്കന്മാര്‍ക്കും നാട്ടിലെ ചെറുപ്പക്കാര്‍ക്കുമൊക്കെ ഒരു പ്രേമം. ഇങ്ങനെവിട്ടാല്‍ സംഗതി കൈവിട്ടുപോകുമെന്ന് അറിയാവുന്നതുകൊണ്ടാണല്ലോ പിണറായിയെ ചിരിപ്പിച്ചു കുട്ടപ്പനാക്കി രംഗത്തിറക്കിയത്. ആര്‍എസ്എസ്, മോദി പ്രേമം തലയ്ക്കുപിടിച്ച പിള്ളാരെ കൂടെനിര്‍ത്താനാണ് ചെഗുവേരയുടെ ചിത്രവുമായി ഗണേശോത്സവം നടത്തിയതും പിണറായിയെ കൃഷ്ണനാക്കി ഫ്‌ളക്‌സ് ബോര്‍ഡ് അടിച്ചതുമൊക്കെ. എന്നിട്ടും ശരിയാകാത്തതുകൊണ്ടാണ് എല്ലാം ശരിയാക്കാന്‍ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനെ വേലിക്കുപുറത്ത് ഫിഡല്‍ കാസ്‌ട്രോയാക്കി ഭരണം തുടങ്ങിയ നാള്‍ മുതല്‍ പിണറായിയില്‍ ആരംഭിച്ച ക്രിമിനല്‍ വാഴ്ചയുടെ തുടര്‍ച്ചയാണ് ഏലസുകെട്ടിയ കോടിയേരിയുടെ ഈ ആഭിചാരം. പോലീസ് എന്തുലയ്ക്കക്കാടോ ഇരിക്കുന്നതെന്ന് ചോദിച്ച എംഎല്‍എ സി.കെ. ശശിയും എസ്‌ഐയെ മാലോകരുടെ മുന്നില്‍വെച്ച് താക്കീത് ചെയ്ത് താരമായ എ.സി. മൊയ്തീനും കോടതിവളപ്പില്‍ കയറിയാല്‍ നാലാം ലിംഗക്കാരാകുന്ന അഭിഭാഷകപ്രമാണിമാരുടെ അഭ്യാസത്തിനുമുന്നില്‍ വാതുറക്കാന്‍ അറിയാതെ പോകുന്ന മുഖ്യമന്ത്രിയുമൊക്കെ ഇപ്പറഞ്ഞ ഗ്രാമസംരക്ഷണത്തിന്റെ സംരക്ഷകരും വക്താക്കളുമാണെന്നോര്‍ക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.