നടുറോഡില്‍ യുവതിയെ കയറി പിടിച്ചയാളെ പൊതിരെ തല്ലി

Wednesday 6 July 2011 10:13 am IST

മൂവാറ്റുപുഴ: പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ കയറി പിടിച്ച യുവാവിനെ യുവതി പൊതിരെ തല്ലി. തുടര്‍ന്ന്‌ നാട്ടുകാരുടെ സഹായത്തോടെ പോലീസിലേല്‍പ്പിച്ചു. ഇന്നലെ രാവിലെ 11മണിയോടെയാണ്‌ സംഭവം. മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക്‌ ചേരാനായി എത്തിയ കോട്ടയം ജില്ലക്കാരിയായ യുവതി വള്ളക്കാലില്‍ ജംഗ്ഷനില്‍ ബസ്സിറങ്ങി നടക്കുന്നതിനിടെ പുറകില്‍ നിന്നെത്തിയ തൊടുപുഴ കുമാരനെല്ലൂര്‍ പാറയില്‍ വീട്ടില്‍ ഷിജു(31) കയറി പിടിക്കുകയായിരുന്നു. ആദ്യം വിരണ്ടു പോയ യുവതി പിന്നീട്‌ കാലില്‍ നിന്നും ചെരുപ്പൂരി ഇയാളെ പൊതിരെ തല്ലി. തല്ലുകയും തല്ല്‌ തടയുകയും ചെയ്യുന്നതിനിടെ രണ്ട്‌ പേരും റോഡില്‍ വീണു. സംഭവം മനസ്സിലാവാതെ വഴി യാത്രക്കാരും സമീപത്തെ കച്ചവടക്കാരും ചുറ്റും കൂടിയതോടെ യുവതി അവരോട്‌ കാര്യം പറയുകയും നാട്ടുകാര്‍ ചേര്‍ന്ന്‌ പ്രതിയെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
തുടര്‍ന്ന്‌ ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍നിന്ന്‌ സ്വകാര്യ കമ്പനിയിലെ സെയില്‍സ്‌ റപ്രസെന്റേറ്റീവാണെന്ന്‌ പറഞ്ഞു. സ്ത്രീയെ മാനഹാനി ചെയ്യുവാന്‍ ശ്രമിച്ചെന്ന പേരില്‍ 354-ാ‍ം വകുപ്പ്‌ പ്രകാരം ഇയാള്‍ക്കെതിരെ കേസ്‌ ചാര്‍ജ്ജ്‌ ചെയ്തതായി മൂവാറ്റുപുഴ എസ്‌ഐ പി. എ. ഫൈസല്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.