ഗുവഹാട്ടി: ശക്തമായ പ്രളയത്തെത്തുടര്‍ന്ന് ആസാമിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് കേന്ദ്ര സർക്കാർ 4 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു. ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വാർത്ത സമ്മേളനത്തിലാണ് ധന സഹായം അറിയിച്ചത്.
പ്രളയത്തില്‍ 26 പേർ കൊല്ലപ്പെടുകയും 28 ജില്ലകളില്‍ നിന്നായി 36 ലക്ഷത്തോളമാളുകള് ദുരിതം അനുഭവിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രളയത്തെ നേരിടുന്നതിനായി സംസ്ഥാന സർക്കാരിനോട് വിശദമായ പദ്ധതി രൂപികരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഒന്‍പത് ദുരന്ത നിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്. ഇവരുടെ രക്ഷാ പ്രവർത്തനങ്ങൾ ദുരിതത്തിലായവർക്ക് ഏറെ ആശ്വാസകരമാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു, വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള മന്ത്രിയായ ജിതേന്ദ്രസിങ് എന്നിവര്‍ ആഭ്യന്തര മന്ത്രിക്കൊപ്പം ദുരിത ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുകയുണ്ടായി. പ്രളയത്തിലകപ്പെട്ട കാസിരംഗ നാഷണന്‍ പാര്‍ക്കിലും സംഘം സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: