റിലയന്‍സ് വിവാദം കൗണ്‍സിലില്‍ വാഗ്വാദം

Saturday 30 July 2016 9:33 pm IST

തൃശൂര്‍: റിലയന്‍സിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ വാഗ്വാദം. ബി.എസ്.എന്‍.എല്ലിനെ ഒഴിവാക്കി റിലയന്‍സിന് കേബിള്‍ വലിക്കാന്‍ ആദ്യം അനുമതി നല്‍കിയത് മുന്‍ഭരണസമിതിയാണെന്ന ഫയല്‍ രേഖകളുമായെത്തിയായിരുന്നു ഭരണപക്ഷ ആരോപണം. എന്നാല്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയാണ് വേണ്ടത് എന്നും എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും പ്രതിപക്ഷവും തിരിച്ചടിച്ചതോടെ വിഷയം ചൂടുപിടിച്ച ചര്‍ച്ചക്കിടയാക്കി. പിന്നീട് മുന്‍മേയര്‍ രാജന്‍ പല്ലന്റെ വിശദീകരണം കേട്ടശേഷം ഏതുഅന്വേഷണം വേണമെന്ന കാര്യം തീരുമാനിക്കാമെന്ന ഡെപ്യൂട്ടിമേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയുടെ ഉറപ്പില്‍ തല്‍ക്കാലം ബഹളം അവസാനിച്ചു. 2008 ല്‍ കൗണ്‍സില്‍ യോഗം റിലയന്‍സ് കേബിളിടാന്‍ കി.മീറ്ററിന് 25,000 രൂപ നിരക്കില്‍ ഈടാക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ 2013ല്‍ നിരക്ക് ഏകപക്ഷീയമായി 10,000 രൂപയാക്കി കുറയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുളള കൗണ്‍സിലില്‍ തീരുമാനമെടുത്തുവെന്നുമായിരുന്നു സിപിഎമ്മിലെ കൃഷ്ണന്‍കുട്ടി പറഞ്ഞത്. 1475 പോസ്റ്റുകള്‍ സ്ഥാപിക്കാനും അനുമതി നല്‍കി. ഇത് ഗതാഗതകുരുക്കിന് ഇടയാക്കുമെന്ന് അന്നത്തെ കോര്‍പറേഷന്‍ എഞ്ചിനീയര്‍ അറിയിച്ചിരുന്നതാണ്. എന്നാല്‍ വീണ്ടും റിലയന്‍സ് അപേക്ഷ നല്‍കിയപ്പോള്‍ 2014 ജൂലൈ 15 ന് ചേര്‍ന്ന കൗണ്‍സില്‍ അത് അംഗീകരിച്ചു. നഗരത്തില്‍ സൗജന്യ വൈ ഫൈക്കായി പൊതുമേഖലയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷത്തുളളവരാണ് പ്രമേയം കൊണ്ടുവന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയല്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ ഡെപ്യൂട്ടിമേയര്‍ നിരക്കു കുറച്ച് കരാര്‍ നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് പരോക്ഷമായി വിമര്‍ശിച്ചു. റിലയന്‍സ് നഗരത്തില്‍ വ്യാപകമായി പോസ്റ്റുകള്‍ സ്ഥാപിക്കുന്നതു മൂലം നഗരം ചിലന്തിവല പോലെയാകുമെന്ന് എഞ്ചിനീയര്‍ രേഖാമൂലം എഴുതിയിട്ടും അതു പരിഗണിക്കാതെയാണ് മുന്‍ കൗണ്‍സില്‍ പല തീരുമാനങ്ങളുമെടുത്തത്. ആശങ്കകള്‍ ഇപ്പോഴുമുണ്ടെങ്കില്‍ അതു ദുരീകരിക്കണമെന്നും എ.പി.ശ്രീനിവാസന്‍ ആവശ്യപ്പെട്ടു. വഴിയോരകച്ചവടക്കാരെ മാറ്റി പാര്‍പ്പിക്കാനുളള നീക്കം സ്തംഭനാവസ്ഥയിലാണെന്ന വിഷയത്തെ ചൊല്ലിയും തര്‍ക്കമുണ്ടായി. വിഷയം ഉന്നയിച്ച പ്രതിപക്ഷനേതാവ് എം.കെ മുകുന്ദന്‍ ഒന്നരകോടി രൂപ ചെലവിട്ടാണ് ഇതിനുളള പ്രത്യേക കെട്ടിടം നിര്‍മിച്ചത്. പൊതുപണമെടുത്ത് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം വേണമെന്നും മുകുന്ദന്‍ പറഞ്ഞു. 276 പേരെയാണ് ആദ്യം നിശ്ചയിച്ചത്. പിന്നീട് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 37 പേരെ കൂടിചേര്‍ത്തു. അവിടെ ഒരുവട്ടം കൂടി പരിശോധന നടത്തിയശേഷം അന്തിമതീരുമാനമെടുക്കാമെന്ന് ധാരണയായി. വി.രാവുണ്ണി, ഗ്രീഷ്മ അജയഘോഷ്, വിന്‍ഷി അരുണ്‍കുമാര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.