പമ്പയിലെ തൊഴില്‍ തര്‍ക്കം: തീര്‍ത്ഥാടനമുന്നൊരുക്കങ്ങളെ ബാധിച്ചേക്കും

Saturday 30 July 2016 9:48 pm IST

പത്തനംതിട്ട: പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നത് തടസ്സപ്പെട്ടത് തീര്‍ത്ഥാടനകാല മുന്നൊരുക്കങ്ങളെ ബാധിക്കും. മൂന്നുദിവസത്തിലേറെയായി സന്നിധാനത്തും പമ്പയിലും പണി തടസ്സപ്പെട്ടിരിക്കുകയാണ്. പമ്പയിലെത്തുന്ന നിര്‍മ്മാണ സാമഗ്രികള്‍ കയറ്റാനും ഇറക്കാനും സിഐടിയുക്കാര്‍ തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഇവയുടെ നീക്കം നിലച്ചത്. മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിക്കുന്നതിന് മുമ്പ് സന്നിധാനത്ത് അന്നദാനമണ്ഡപവും ദര്‍ശന്‍ കോംപ്ലക്‌സും പണിതീര്‍ക്കാനും മറ്റ് കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കാനുമുള്ള പ്രവര്‍ത്തികളുമാണ് നടക്കുന്നത്. എന്നാല്‍ ഇതിനാവശ്യമായ സാധനം കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ കരാറുകാര്‍ പണി നിര്‍ത്തിവെച്ചു. ഇതേത്തുടര്‍ന്ന് സന്നിധാനത്തുണ്ടായിരുന്ന തൊഴിലാളികള്‍ മലയിറങ്ങി. തര്‍ക്കം തീര്‍ന്ന് സാധന സാമഗ്രികള്‍ സന്നിധാനത്ത് എത്തിയാലും അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ തിരികെ മലകയറാന്‍ ദിവസങ്ങള്‍ എടുക്കും. ശബരിമലയില്‍ നടക്കുന്ന കെട്ടിടം പണി വൈകും. ശബരിമലയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെയുള്ള പണിയെല്ലാം കരാറുകാരുടെയും ദേവസ്വം ബോര്‍ഡ് നിയോഗിക്കുന്നതുമായ തൊഴിലാളികളാണ് ചെയ്തിരുന്നത്. പണിമുടക്കോ സമരങ്ങളോ യൂണിയന്‍ പ്രവര്‍ത്തനങ്ങളോ ഇല്ലാതെ സുഗമമായി പണി നടന്നിരുന്നു. ശബരിമലയെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തന സ്ഥലമാക്കുന്നതോടെ പണിമുടക്കടക്കമുള്ള സമരമാര്‍ഗ്ഗങ്ങള്‍ക്കും വേദിയാകും. ഇത് കെട്ടിടം പണിയേയും പ്രസാദ നിര്‍മ്മാണത്തെയും ബാധിക്കും. നിര്‍മ്മാണ സാമഗ്രികളുടെ നീക്കം നിലച്ചിട്ട് ദിവസങ്ങളായിട്ടും അധികൃതര്‍ ഇടപെട്ടിട്ടില്ല. അട്ടത്തോട്, നാറാണംതോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമെത്തിയ സിഐടിയുക്കാരാണ് കയറ്റിറക്കുകള്‍ തടഞ്ഞതെന്നാണ് സൂചന. ഇവരുമായി ചര്‍ച്ച നടത്താന്‍ പോലീസിനും കഴിഞ്ഞിട്ടില്ല. ഭരണത്തിന്റെ ബലത്തില്‍ ശബരിമലയിലും പിടിമുറുക്കാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നതാണ് പ്രശ്‌നങ്ങള്‍ വഷളാകാന്‍ ഇടയായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.