പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി സഹായം: രണ്ടാഴ്ചക്കകം സര്‍വ്വെ നടത്തണം- ജില്ലാ വികസന സമിതി

Saturday 30 July 2016 10:09 pm IST

കണ്ണൂര്‍: പട്ടികജാതി വിഭാഗങ്ങളിലെ ബിപിഎല്‍ കുടുംബങ്ങളിലെ എട്ടാം ക്ലാസ് മുതല്‍ കോളേജ്തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനമുറിയും പഠനോപകരണങ്ങളും ഒരുക്കാന്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍ ജില്ലയില്‍ അര്‍ഹരെ കണ്ടെത്താന്‍ സര്‍വ്വെ നടത്താന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. രണ്ടാഴ്ചക്കം സര്‍വ്വെ പൂര്‍ത്തിയാക്കി അര്‍ഹരായ വിദ്യാര്‍ഥികളുടെ പട്ടിക തയ്യാറാക്കി പ്രൊജക്ട് സമര്‍പ്പിക്കണമെന്ന് പി.കെ.ശ്രീമതി എംപി, എ.എന്‍.ഷംസീര്‍ എംഎല്‍എ എന്നിവര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പട്ടികജാതി വികസന വകുപ്പിനോട്് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം നിര്‍ദേശിച്ചു. പയ്യന്നൂര്‍ മിനി സിവില്‍ സ്‌റ്റേഷന്‍ വിവിധ ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും വിധം വൈദ്യുതീകരണം പൂര്‍ത്തിയാക്കി സജ്ജമാക്കാനും യോഗം ആവശ്യപ്പെട്ടു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും ഇവിടേക്ക് ഓഫീസുകള്‍ക്ക് മാറാന്‍ കഴിയാത്ത കാര്യം പി.കെ.ശ്രീമതി എംപി യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. 12 ഓഫീസുകള്‍ക്ക് ഇവിടെ സ്ഥലം അനുവദിച്ച് ഉത്തരവായതായി യോഗത്തില്‍ അധ്യക്ഷനായിരുന്ന വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അറിയിച്ചു. അടുത്ത മാസത്തോടെ ഈ ഓഫീസുകള്‍ക്ക് ഇവിടേക്ക് മാറി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും വിധം ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പുതിയ ഓട്ടോക്ലേവ് യന്ത്രം വാങ്ങാന്‍ 13 ലക്ഷം രൂപയുടെ ശുപാര്‍ശ തയ്യാറാക്കി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതായി ഡെപ്യൂട്ടി ഡിഎംഒ അറിയിച്ചു. ഇരിട്ടി ആശുപത്രിയില്‍ ഉണ്ടായിരുന്ന ഓട്ടോക്ലേവ് യന്ത്രം എത്തിച്ച് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കിയതായും ഡെപ്യൂട്ടി ഡിഎംഒ പറഞ്ഞു. തലശ്ശേരി നഗരത്തിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തിലാക്കാനും യോഗം നിര്‍ദേശം നല്‍കി. നിരന്തരം വാഹനാപകടങ്ങള്‍ ഉണ്ടാവുന്ന ധര്‍മ്മടം മേല്‍പ്പാലത്തില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ ദേശീയ പാത വിഭാഗത്തോട് യോഗം നിര്‍ദേശിച്ചു. ജില്ലാ ആശുപ്രതിയില്‍ മലിന ജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ നടപടി ഉണ്ടാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത് വഴി ആരോഗ്യ വകുപ്പിനോട് അഭ്യര്‍ഥിക്കും. ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ.പ്രകാശന്‍, എഡിഎം മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) മുരളീധരന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.