പോലീസ് നടപടി നീതിനിഷേധം, മുഖ്യമന്ത്രിയുടെ അറിവോടെ; കുമ്മനം

Saturday 30 July 2016 4:48 pm IST

  കോട്ടയം/ തിരുവനന്തപുരം: കോഴിക്കോട്ടെ കോടതിവളപ്പില്‍ ഒരു പ്രകോപനവുമില്ലാതെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് നടപടിയെടുത്തത് നീതിനിഷേധമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം അതിക്രമങ്ങള്‍ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണെന്ന് തെളിയിക്കുന്നു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലാണ് തര്‍ക്കമെന്നായിരുന്നു ഇത്രനാളും മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാല്‍ കോടതിയുടേയോ അഭിഭാഷകരുടേയോ ഭാഗത്ത് നിന്ന് ആവശ്യമുണ്ടാകാതെ തന്നെ മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്ത് നിന്ന് ബലമായി കസ്റ്റഡിയിലെടുത്തത് ആഭ്യന്തര വകുപ്പിന്റെ അറിവില്ലാതെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അഭിഭാഷക മാധ്യമ തര്‍ക്കത്തിന് പിന്നില്‍ മറ്റാരുടേയോ അജണ്ട ഉണ്ടെന്ന് നേരത്തെ സംശയം ഉയര്‍ന്നിരുന്നു. കോഴിക്കോട് സംഭവത്തിനു ശേഷം ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളെ കോടതിയില്‍ നിന്ന് ആട്ടിയോടിക്കണം എന്നത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ രഹസ്യ അജണ്ടയാണ്. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണിത്. ഐസ്‌ക്രീം കേസ്സിന്റെ വിചാരണ സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയത്. വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കേണ്ടത് മാധ്യമധര്‍മ്മമാണ്. അത് ഭരണഘടനാപരമായ അവകാശമാണ്. മാധ്യമ സ്വാതന്ത്ര്യമാണ് നിഷേധിക്കപ്പെട്ടത്. തിരുവനന്തപുരത്തും എറണാകുളത്തും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലാണ് പ്രശ്‌നം ഉടലെടുത്തത്. കോഴിക്കോട്ട് ഇത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ല. ഒരു പ്രകോപനവുമില്ലാതെ പോലീസ് മാധ്യപ്രവര്‍ത്തകരെ തടയുകയായിരുന്നു. കൃത്യമായി നിര്‍ദ്ദേശം ലഭിച്ചിട്ടാണോ പോലീസ് നടപടിയെന്ന് പരിശോധിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും ഗവര്‍ണ്ണറുടെയും ഇടപെടല്‍ ഉണ്ടാവണം. കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.