മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് മാലിന്യം മണ്ണിട്ടു മൂടുന്നു

Saturday 30 July 2016 10:45 pm IST

ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളേജിലെ വിവിധ വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയേറ്റര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തുന്ന മാലിന്യം മണ്ണിട്ടു മൂടുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും പ്ലാസ്റ്റിക് കവറുകളില്‍ ശേഖരിക്കുന്ന മാലിന്യം ഇപ്പോള്‍ കാര്‍ഡിയോ തൊറാസിക് വിഭാഗത്തിനു സമീപമുള്ള കുഴികളിലേക്കാണ് വലിച്ചെറിയുന്നത്. ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ മാലിന്യക്കൂമ്പാരത്തിനു മുകളിലേക്ക് മണ്ണിട്ടു മൂടിയാണ് സംസ്‌ക്കരിക്കുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ മണ്ണിനടിയിലാകുന്നതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇത് ഇടയാക്കുന്നു. സിറിഞ്ചും സൂചിയുമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇത്തരത്തില്‍ സംസ്‌ക്കരിക്കുന്നത് ജനങ്ങള്‍ക്ക് വെല്ലുവിളിയാകുകയാണ്. ജൈവമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ കിടന്നു ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു. നായ്ക്കളും, കാക്കയും കൊത്തിവലിച്ച് കിണറ്റിലും കുടിവെള്ള ശ്രോതസ്സുകളിലും കൊണ്ടിടുന്നത് നിത്യസംഭവമാണ്. 52 വര്‍ഷങ്ങള്‍ പിന്നിട്ട കോട്ടയം മെഡിക്കല്‍ കോളേജില്‍ മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കുവാനുള്ള സൗകര്യം ഒരുക്കുവാന്‍ നാളിതു വരെയായി അധികാരികള്‍ക്കു കഴിഞ്ഞിട്ടില്ല. മുന്‍പ് ഈ ഭാഗത്ത് ഒരു ചെറിയ ഇന്‍സിനേറ്റര്‍ ഉണ്ടായിരുന്നുവെങ്കിലും അതും പൊളിച്ചു മാറ്റി. പലതവണ ഇതെക്കുറിച്ച് പരാതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുന്‍പ് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘം ആശുപത്രി പരിസരം നേരില്‍ കണ്ട് വിലയിരുത്തിയിരുന്നു. മാലിന്യ സംസ്‌ക്കരണവും ശുചീകരണവും കാര്യക്ഷമമല്ലെന്നും ഇതു തുടര്‍ന്നാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പറഞ്ഞിരിന്നു. എന്നാല്‍ ഇപ്പോഴും വഞ്ചി തിരുനക്കരെതന്നെ എന്ന നിലയിലാണ്. മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്‌ക്കരണം ഒരു വെല്ലു വിളിയായി ഏറ്റെടുത്ത് ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ പദ്ധതി നടപ്പാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.