വാവുബലി: ഗതാഗത നിയന്ത്രണം

Saturday 30 July 2016 11:20 pm IST

തിരുവനന്തപുരം: കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് ശംഖുമുഖം, തിരുവല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്കും വാഹനങ്ങളുടെ തിരക്കും അമിതമായി ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ തിരുവല്ലം ശംഖുമുഖം ഭാഗങ്ങളില്‍ ഗതാഗതനിയന്ത്രണവും ക്രമീകരണവും ഉണ്ടായിരിക്കും. ചാക്ക ഭാഗത്തുനിന്നും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകേണ്ടതും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ നിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ടതുമായ വാഹനങ്ങള്‍ ചാക്കയില്‍നിന്നും ഈഞ്ചയ്ക്കല്‍, കല്ലുമ്മൂട് പൊന്നറപ്പാലം, വലിയതുറ വഴി പോകണം. ശംഖുമുഖം ഭാഗത്തേക്ക് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ നിര്‍ദ്ദിഷ്ഠ പാര്‍ക്കിംഗ് ഏരിയയില്‍ തന്നെ വാഹനങ്ങള്‍ നിര്‍ത്തി ഇടണം. റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യുവാന്‍ പാടില്ല. പാര്‍ക്കിംഗ് ഏരിയയില്‍ വാഹനങ്ങള്‍ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളില്‍ വാഹന ഉടമയുടെയോ ഡ്രൈവറുടെയോ ഫോണ്‍ നമ്പര്‍ വ്യക്തമായി കാണുന്ന രീതിയില്‍ എഴുതി വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം. ശംഖുമുഖത്ത് കോര്‍പ്പറേഷന്‍ പാര്‍ക്കിംഗ് ഏരിയ, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക ഗ്രൗണ്ട്, കാര്‍ഗോ മുതല്‍ പഴയ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് വരെ റോഡിന്റെ ഒരുവശം. ശംഖുമുഖം വെട്ടുകാട് റോഡിന്റെ ഒരുവശം എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്കുചെയ്യാം. വിഴിഞ്ഞം ഭാഗത്തുനിന്നും വരുന്ന ഗുഡ്‌സ്, ഹെവി വാഹനങ്ങള്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ വിഴിഞ്ഞം മുക്കോലയില്‍ നിന്നും ബാലരാമപുരം ഭാഗത്തേക്ക് പോകണം. ഈ വാഹനങ്ങള്‍ യാതൊരു കാരണവശാലും തിരുവല്ലം ഭാഗത്തേക്ക് വരാന്‍ പാടുള്ളതല്ല. കൂടാത ചാക്ക ഭാഗത്തുനിന്നും വരുന്ന ഗുഡ്‌സ്, ഹെവി വാഹനങ്ങള്‍ ഈഞ്ചയ്ക്കലില്‍ നിന്നും തിരിഞ്ഞ് അട്ടക്കുളങ്ങര, കിള്ളിപ്പാലം, പാപ്പനംകോട് വഴി പോകണം. കരുമം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പഴയ തിരുവല്ലം ജംഗ്ഷനില്‍ എത്തി അവിടെനിന്നും തിരിഞ്ഞ് പാച്ചല്ലൂര്‍ ഭാഗത്തേക്ക് പോകണം. കോവളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബൈപ്പാസ് വഴി ഈഞ്ചയ്ക്കല്‍ ഭാഗത്തേക്ക് പോകണം. കുമരിചന്ത മുതല്‍ തിരുവല്ലം ഭാഗംവരെയും തിരുവല്ലം മുതല്‍ അമ്പലത്തറ വരെയും തിരുവല്ലം മുതല്‍ പാച്ചല്ലൂര്‍ വരെയുമുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുവാന്‍ അനുവദിക്കില്ല. ബിഎന്‍വി സ്‌കൂള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലും തിരുവല്ലം വാഴമുട്ടം ബൈപ്പാസ് റോഡിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും 9497987001, 9497987002,0471-2558731, 0471- 2558732 ഫോണ്‍ നമ്പരുകളില്‍ അറിയിക്കണം. കര്‍ക്കിടക വാവ് ബലിയോടനുബന്ധിച്ച് വര്‍ക്കലയിലെത്തുന്ന വാഹനങ്ങള്‍ക്ക് നാളെ വൈകുന്നേരം 4 മുതല്‍ 2നു വൈകുന്നേരം 5 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കല്ലമ്പലം, കടയ്ക്കാവൂര്‍ ഭാഗങ്ങളില്‍ നിന്നും പാപനാശത്തേക്ക് വരുന്ന സര്‍വീസ് ബസുകള്‍ മൈതാനത്ത് നിന്നും വലത്തോട്ട് തിരിഞ്ഞു പുന്നമൂടു എത്തി അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞു കൈരളി നഗര്‍ വഴി ആല്‍ത്തറമൂട്ടില്‍ എത്തി ആളിനെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം മൈതാനം വഴി തിരികെ പോകേണ്ടതാണ്. ഇതുവഴി വരുന്ന ചെറിയ വാഹനങ്ങള്‍ മൈതാനം വഴി വര്‍ക്കല ഗവണ്‍മെന്റ് ആശുപത്രി ജംഗ്ഷനിലെത്തി ആളിറക്കിയശേഷം പെരുംകുളം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.പാരിപ്പള്ളി ഭാഗത്ത് നിന്നും വരുന്ന സര്‍വീസ് ബസുകള്‍ പുന്നമൂടു കൈരളി നഗര്‍ വഴി ആല്‍ത്തറമൂട്ടില്‍ ആളിറക്കിയശേഷം മൈതാനം വഴി പോകണം. ഇടവകാപ്പില്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ഇടവ മൂന്നു മൂക്ക് വഴി ആല്‍ത്തറമൂട്ടിലെത്തി ആളിറക്കുകയും കയറ്റുകയും ചെയ്ത ശേഷം മൈതാനം വഴി തിരികെ പോകണം. ഈറൂട്ടില്‍ വരുന്ന ചെറിയ വാഹനങ്ങള്‍ ഹെലിപ്പാഡില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. ഗതാഗത തടസമുണ്ടാക്കുന്ന തരത്തില്‍ പരസ്യ ബോര്‍ഡുകള്‍, കൊടിമരങ്ങള്‍ എന്നിവ അനുവദിക്കുന്നതല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.