സൗദിയിൽ പട്ടിണിയിൽ കഴിയുന്നത് പതിനായിരം ഭാരതീയർ; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സുഷമ സ്വരാജ്

Sunday 31 July 2016 12:58 pm IST

ന്യൂദൽഹി: ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് 10,000ൽ അധികം ഭാരതീയർ സൗദി അറേബ്യയിൽ കടുത്ത പട്ടിണിയിലാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിൽ കഴിയുന്ന ഭാരതീയരായ സഹോദരീ സഹോദരന്മാർക്ക് സഹായം നൽകാൻ സൗദിയിലെ 30 ലക്ഷത്തോളം വരുന്ന ഭാരതീയരോട് അവർ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. ഭാരതീയരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തേക്കാൾ വലുതല്ല മറ്റൊന്നുമെന്നും സുഷമ ട്വിറ്ററിലൂടെ ഓർമിപ്പിച്ചു. മാത്രമല്ല, സൗദിയുടെ തലസ്ഥാനമായ റിയാദിലുള്ള ഇന്ത്യൻ എംബസിയോട് ആ രാജ്യത്ത് തൊഴിലില്ലാത്ത ഭാരതീയർക്ക് സൗജന്യ റേഷൻ വിതരണം ചെയ്യാൻ ആവശ്യപ്പെട്ടതായും സുഷമ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം, ജോലി നഷ്ട്പ്പെട്ട് മൂന്ന് ദിവസമായി 800 പേർ പട്ടിണിയിലാണെന്ന് അറിയിച്ചുകൊണ്ട് ജിദ്ദയിൽ നിന്നും പ്രവാസികളിലൊരാൾ സുഷമയ്ക്ക് ട്വിറ്റർ സന്ദേശം കൈമാറിയിരുന്നു. തുടർന്ന് അവർ വിഷയത്തിൽ ഇടപെടുകയും എല്ലാ സഹായ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. ഇതിനു പുറമെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങിനെ സൗദിയിലേക്ക് പോകുവാൻ നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്ന് സുഷമ സ്വരാജ് നടത്തിയ വിശദമായ പരിശോധനയിൽ സൗദിയിൽ പട്ടിണി കിടക്കുന്നത് 800 തൊഴിലാളികളല്ലെന്നും മറിച്ച് പതിനായിരക്കണക്കിന് ഭാരതീയരാണെന്നും മനസിലാക്കാൻ സാധിച്ചത്. സൗദിയിലേക്ക് യാത്ര തിരിക്കുന്ന വികെ സിങ് മറ്റ് ഗൾഫ് രാജ്യങ്ങളിലെ പ്രതിനിധികളുമായി ഭാരതീയർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച നടത്തുമെന്നും സുഷമ ട്വിറ്ററിൽ പറഞ്ഞു. ഇതിനു പുറമെ ജിദ്ദയിലെ ഹൈവേ ക്യാംപിലേക്ക് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ പോയിട്ടുണ്ടെന്നും സുഷമ അറിയിച്ചു. ഇവിടെ നൂറുകണക്കിന് ഭാരതീയരുണ്ട്. ജിദ്ദയിലെ ഭാരത സമൂഹവുമായി സഹകരിച്ച് 15,475 കിലോയോളം വരുന്ന ഭക്ഷ്യവസ്തുക്കളും മറ്റുള്ളവയും കോണ്‍സുലേറ്റ് അധികൃതർ കൈമാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സൗദിയിലാണ് ഏറ്റവും കൂടുതൽ ഭാരതീയർ ദുരിതമനുഭവിക്കുന്നത്, സൗദിയിലും കുവൈറ്റിലും പലർക്കും കൃത്യമായ വേതനം പോലും ലഭിക്കുന്നില്ലെന്നും സുഷമ ട്വിറ്ററിൽ പറഞ്ഞു. ഈ രാജ്യങ്ങളിലെ പലർക്കും ജോലി നഷ്ടപ്പെട്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ വിദേശമന്ത്രാലയം പരാമാവധി ശ്രമിക്കുമെന്നും സുഷമ സ്വരാജ് കൂട്ടിച്ചേർത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.