ഇന്ത്യന്‍ താരങ്ങള്‍ ലോകം കീഴടക്കും: മോദി

Sunday 31 July 2016 9:56 pm IST

ന്യൂദൽഹി: റിയൊ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പിന്തുണ നൽകിയും ആശംസയർപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങൾക്ക് പ്രോത്സാഹനമായി കേന്ദ്ര കായിക മന്ത്രാലയം ന്യൂദൽഹിയിൽ സംഘടിപ്പിച്ച 'റൺ ഫോർ റിയൊ' കൂട്ടയോട്ടം മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ ഫഌഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. റിയൊയിൽ ഭാരത അത്‌ലറ്റുകൾ ലോകത്തിന്റെ ഹൃദയം കീഴടക്കുമെന്ന് മോദി പറഞ്ഞു. ഏറെ ത്യാഗങ്ങൾ സഹിച്ചാണ് നമ്മുടെ താരങ്ങൾ ഈ നിലയിലെത്തിയത്. മികച്ച പ്രകടനം തന്നെ അവർ പുറത്തെടുക്കും- പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ കാര്യങ്ങളും മോദി പങ്കുവെച്ചു. ഒളിമ്പിക്‌സിന് രണ്ട് ദിവസം മുൻപാണ് സാധാരണ താരങ്ങളെ അയയ്ക്കാറുള്ളത്. എന്നാൽ, ഇത്തവണ നേരത്തെ അയച്ചു. പ്രദേശിക സാഹചര്യങ്ങളുമായി ഇണങ്ങാൻ അവർക്ക് സമയം ലഭിക്കും. റിയോയിൽ താരങ്ങൾക്ക് ഇന്ത്യൻ ക്ഷണം നൽകാൻ നടപടിയെടുത്തുവെന്നും, ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. താരങ്ങൾക്ക് നൽകുന്ന യാത്രാബത്തയിലെ അസമത്വം അവസാനിപ്പിച്ചുവെന്നും മോദി വ്യക്തമാക്കി. ഇത്തവണ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഒരേ തുക ലഭിക്കും. ഒളിമ്പിക്‌സിനായി 125 കോടി രൂപ വകയിരുത്തി. ഓരോ താരത്തിനും 30 ലക്ഷം മുതൽ 1.5 കോടി രൂപ വരെ സർക്കാർ ചെലവിടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ ഇവിടെ ദേശീയപാത ഉയർത്തുമ്പോൾ റിയോയിലും പതാക പാറിപ്പറക്കുമെന്ന് മോദി വിശ്വാസം പ്രകടിപ്പിച്ചു. വിനോദം എന്നതിനപ്പുറം അടുത്ത ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കായികരംഗത്ത് യുവാക്കൾക്ക് മികച്ച പരിശീലനം നൽകണം. 2020ലെ ഒളിപിംക്‌സിൽ രാജ്യത്തെ എല്ലാ ജില്ലയ്ക്കും പ്രാതിനിധ്യമുണ്ടെന്ന് ഉറപ്പാക്കണം. കായികരംഗത്തിന്റെ വികസനത്തിനു സർക്കാർ വലിയ പ്രാധാന്യം നൽകുന്നുവെന്നും മോദി പറഞ്ഞു. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യാ ഗേറ്റിലെ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽനിന്ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്കാണ് കൂട്ടയോട്ടം നടത്തിയത്. സായി പുറത്തിറക്കിയ 'ഇന്ത്യൻ ഒളിമ്പിക്‌സ് ജേണി' എന്ന പുസ്തകവും ചടങ്ങിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.