കൊപ്രപ്പുരയ്ക്ക് തീപ്പിടിച്ചു രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം

Sunday 31 July 2016 8:11 pm IST

തൊടുപുഴ: കൊപ്രപ്പുരയ്ക്ക് തീപ്പിടിച്ച് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം. കരിമണ്ണൂര്‍ മുളപ്പുറം കോട്ടക്കവല മാമ്മൂട്ടില്‍ ഇസ്മയില്‍ മുഹമ്മദിന്റെ കെട്ടിടത്തിലാണ് തീപടര്‍ന്നത്. ഇന്നലെ രാവിലെ 11 നാണ് തീ പടരാനാരംഭിക്കുന്നത്. പൊടുന്നനെ ഉണക്കാനിട്ടിരിന്ന കൊപ്രയിലേക്ക് തീ പടര്‍ന്ന് കയറുകയായിരുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി കത്തി നശിച്ചു. തിപ്പീടിച്ച വിവരം അറിഞ്ഞ ഉടന്‍ തന്നെ കരിമണ്ണൂര്‍ പോലീസും നാട്ടുകാരും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം ആരംഭിച്ചു. ഉടമസ്ഥന്‍ ഇതിന് സമീപത്ത് തന്നെയാണ് താമസിക്കുന്നതെങ്കിലും തീ വളരെ വേഗം ആളിപടരുകയായിരുന്നു. രണ്ട് മുറികളുള്ള വീട്ടില്‍ ഒന്നില്‍ കൊപ്ര ഉണക്കുന്നതിനായി തീയിട്ടിരുന്നു. ഇതില്‍ നിന്ന് തീ പടര്‍ന്നതാകാം എന്നാണ് കരുതുന്നത്. ആക്രി സാധനങ്ങള്‍ വാങ്ങി കൂട്ടിയിട്ടിരിക്കുകയായിരുന്നു സമീപത്തെ മുറിയില്‍. ഓട് മേഞ്ഞ പഴയ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 1500 കിലോ കൊപ്ര തേങ്ങയില്‍ 70 ശതമാനവും കത്തി നശിച്ചപ്പോള്‍ ബാക്കിയുള്ളവ പുകയടിച്ച് ഉപയോഗ ശൂന്യമായി. വീടിന്റെ മുകള്‍ ഭാഗം തീയില്‍ തകര്‍ന്ന് വീഴുകയും ചെയ്തു. തൊടുപുഴയില്‍ നിന്നു രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സേനാ അംഗങ്ങള്‍ എത്തി ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത്. സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ടി ഇ അലിയാര്‍, ലീഡിങ് ഫയര്‍മാന്‍ സാജന്‍ വര്‍ഗീസ്, ഫയര്‍മാന്‍മാരായ അനീഷ്, ഷിന്റോ, വിപീഷ്, സാജു, സുനില്‍, നാസര്‍, സുനിഷ് എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്. സമീപത്തെ വീട്ടിലേയ്ക്ക് തീ പടരാതിരുന്നത് വന്‍ അപകടമൊഴിവാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.