നഞ്ചന്‍ഗോഡ് - നിലമ്പൂര്‍ റയില്‍ പാത വേഗത്തിലാക്കും:ആക്ഷന്‍ കമ്മിറ്റി

Sunday 31 July 2016 8:25 pm IST

മാനന്തവാടി : കര്‍ണ്ണാടക ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ നഞ്ചന്‍ഗോഡ് - നിലമ്പൂര്‍ റയില്‍ പാതയുടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്തും. െൈമസൂര്‍, വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, നീലഗിരി - വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നീ സംഘടനകളുടെ സംയുക്ത യോഗം ഇതിനായി മൈസൂരില്‍ ചേര്‍ന്നു.കര്‍ണ്ണാടകയുടെ വാണിജ്യ വ്യവസായ വികസനത്തിന് ബാംഗ്ലൂരിനേയും മൈസൂരിനേയും കൊച്ചി തുറമുഖവുമായി ബന്ധിപ്പിക്കുന്ന നഞ്ചന്‍ഗോഡ് - നിലമ്പൂര്‍ റയില്‍പാത വലിയ പങ്ക് വഹിക്കും. ബാംഗ്ലൂരില്‍നിന്ന് 6 മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെത്താവുന്ന റയില്‍ ഇടനാഴിയാണ് നഞ്ചന്‍ഗോഡ് - നിലമ്പൂര്‍ ഭാഗം പൂര്‍ത്തിയാവുന്നതോടെ സാധ്യമാവുക. നഞ്ചന്‍ഗോഡ് - നിലമ്പൂര്‍ പാതയുടെ പരിസ്ഥിതി പ്രാധാന്യവും യോഗം ചര്‍ച്ച ചെയ്തു. മൈസൂരിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ വന്യയുടെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു. റയില്‍പാത പൂര്‍ത്തിയാവുന്നതോടെ വയനാട്ടിലേയും പശ്ചിമഘട്ടത്തിലേയും റോഡുകളില്‍നിന്ന് ആയിരക്കണക്കിന് മോട്ടോര്‍ വാഹനങ്ങളും കാര്‍ബണ്‍ മലിനീകരണവും ഇല്ലാതാവും. ബാംഗ്ലൂര്‍, മൈസൂര്‍ നഗരങ്ങളുടെ പ്രധാന കുടിവെള്ള ശ്രോതസ്സ് വയനാട്ടില്‍ ഉത്ഭവിക്കുന്ന കബനി നദിയാണ്. കാര്‍ബണ്‍ മലിനീകരണമില്ലാത്ത ജലലഭ്യത ഉറപ്പുവരുത്താന്‍കൂടി ഈ റയില്‍പാതകൊണ്ട് സാധിക്കും. 10.5 കി.മി ദൂരം മാത്രമാണ് ഈ പാത വനത്തിലൂടെ കടന്നുപോകുന്നത്. ഈ ഭാഗം ടണല്‍ വഴി നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ആയതിനാല്‍ വന്യജീവി ആവാസവ്യവസ്ഥക്ക് യാതൊരു കോട്ടവും സംഭവിക്കില്ല. എന്നാല്‍ വന്യമൃഗങ്ങള്‍ക്ക് കാടിന്റെ അതിര്‍ത്തി അറിയില്ലെന്നും കാടിന് പുറത്തു കടക്കുന്ന വന്യമൃഗങ്ങള്‍ക്ക് റയില്‍പാതകൊണ്ട് അപകടം സംഭവിച്ചേക്കാമെന്നും വന്യ പ്രതിനിധി യോഗത്തില്‍ പറഞ്ഞു. പാതയുടെ നിര്‍മ്മാണം സംബന്ധിച്ച് പദ്ധതിരേഖ തയ്യാറാക്കുമ്പോള്‍ ഈ പ്രശ്‌നത്തിനുകൂടി പരിഹാരം കാണാന്‍ ഡോ:ഇ.ശ്രീധരനോട് അഭ്യര്‍ത്ഥിക്കാനും യോഗം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.