മാധ്യമ പ്രവര്‍ത്തകരെ വരുതിയിലാക്കാന്‍ സിപിഎം ശ്രമം: കുമ്മനം

Sunday 31 July 2016 6:00 pm IST

തൃശൂര്‍: കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമം ജനാധിപത്യത്തിന് കളങ്കമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഒരു ഗവണ്‍മെന്റ്പ്ലീഡര്‍ പറഞ്ഞിട്ടാണ് പോലീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്. ഏകപക്ഷീയമായി മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. മാധ്യമങ്ങളെ വേട്ടയാടുന്ന ശൈലിയാണ് സിപിഎം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. മാധ്യമങ്ങളോട് ധിക്കാരപരമായി പെരുമാറുന്ന ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റേത്. കേരളത്തില്‍ ജനാധിപത്യ സ്വാതന്ത്ര്യവും അവകാശങ്ങളും നിലനിര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ ജനാധിപത്യത്തെ തകര്‍ക്കാനാണ് ശ്രമം. മാധ്യമങ്ങളെ മുഴുവന്‍ വരുതിയിലാക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ അക്രമങ്ങളെന്നും കുമ്മനം പറഞ്ഞു. എതിരാളികളെ ഉന്മൂലനം ചെയ്യും എന്ന നിലപാട് പരസ്യമായി പറഞ്ഞ കോടിയേരി ബാലകൃഷ്ണനെ ന്യായീകരിക്കാനുള്ള പോലീസിന്റെ ശ്രമം ശരിയല്ല. കോടിയേരി പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. പോലീസ് ഇക്കാര്യം വീണ്ടും പരിശോധിക്കണം. നടപടി സ്വീകരിച്ചില്ലെങ്കില്‍ ബിജെപി കോടതിയെ സമീപിക്കുമെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.