'ഗീതോ'പദേശത്തില്‍ എതിര്‍പ്പ്; ഇടപെടാനാവാതെ പിബി

Sunday 31 July 2016 11:37 pm IST

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി അമേരിക്കയിലുള്ള സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥിനെ നിയമിച്ചതില്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ അതൃപ്തി. ഗീതാഗോപിനാഥിന്റെ നിയമനത്തില്‍ പിബിക്ക് എതിര്‍പ്പുണ്ടെങ്കിലും നിയമനം റദ്ദാക്കാന്‍ ആവശ്യപ്പെടില്ല. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കാമെന്ന തീരുമാനമെടുത്ത് പോളിറ്റ് ബ്യൂറോ കൈകഴുകി. ഗീതാഗോപിനാഥിനെ നിയമിച്ചതിനെതിരായ വിമര്‍ശനങ്ങളെ പിബി അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ തള്ളിക്കളഞ്ഞു. സര്‍ക്കാരിന് പലതരത്തിലുള്ള ആളുകളില്‍ നിന്നും ഉപദേശങ്ങള്‍ ആവശ്യമായി വരുമെന്നും ഇടതുപക്ഷ വ്യതിയാനമായി കാണേണ്ടതില്ലെന്നുമുള്ള നിലപാട് യോഗത്തില്‍ പിണറായി ആവര്‍ത്തിച്ചു. ഇതോടെയാണ് നവലിബറല്‍ ആശയങ്ങളുടെ വക്താവായ ഗീതയെ ഇടതു സര്‍ക്കാര്‍ ഉപദേശകയാക്കിയ വിഷയത്തില്‍ തീരുമാനം മുഖ്യമന്ത്രിക്കു തന്നെ വിടാന്‍ പിബിയില്‍ ധാരണയായത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫസറായ ഗീതാഗോപിനാഥിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പദവിക്കെതിരെ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. ഇടതു സാമ്പത്തിക വിദഗ്ധനായ പ്രഭാത് പട്‌നായക് അടക്കമുള്ള പ്രമുഖരും ഗീതയുടെ നിയമനത്തിനെതിരെ പരസ്യമായി രംഗത്തെത്തി. ഗീതയുടെ സാമ്പത്തിക നിലപാടുകളെല്ലാം പാര്‍ട്ടി നയങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമാണെന്നായിരുന്നു ഇവരുടെയെല്ലാം അഭിപ്രായം. ഇതിന്റെ അടിസ്ഥാനത്തിലാണ് പിബിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടന്നത്. സാമ്പത്തിക ഉപദേശകയുടെ നിയമനത്തിനെതിരെ വിഎസ് നല്‍കിയ കത്ത് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പിബി അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. വിഎസ് സര്‍ക്കാരില്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായിരുന്ന പ്രഭാത് പട്‌നായിക്കിന്റെയും മറ്റ് ഇടതു സാമ്പത്തിക വിദഗ്ധരുടേയും പ്രതിഷേധം മറികടന്ന് ഗീതാഗോപിനാഥിന്റെ നിയമനവുമായി മുന്നോട്ടുപോകാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് പിബി യോഗം പൂര്‍ത്തിയായതോടെ വ്യക്തമായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളില്‍ പലര്‍ക്കും എതിര്‍പ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് അവര്‍ക്കും അംഗീകരിക്കേണ്ടിവന്നു. സാമ്പത്തിക വിദഗ്ധനായ ധനകാര്യമന്ത്രിയുള്ള സംസ്ഥാനത്തിന് എന്തിനാണ് നവലിബറല്‍ നിലപാടുള്ള സാമ്പത്തിക വിദഗ്ധയെന്ന ചോദ്യമുന്നയിച്ച ഇടതനുഭാവികള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സിപിഎം കേന്ദ്രനേതൃത്വത്തിന് സാധിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.