എറണാകുളം ജില്ലയില്‍ സി​പി​എം-​ സി​പി​ഐ​ പോ​ര് മു​റു​കു​ന്നു

Monday 1 August 2016 12:19 am IST

കൊച്ചി: ഉദയംപേരൂരിലെ സിപിഎം വിഭാഗീയത ജില്ലയിൽ സിപിഎം സിപിഐ പോരിലേക്ക് നീങ്ങുന്നു. വിഭാഗീയതയെത്തുടർന്ന് സിപിഎം പുറത്താക്കിയവരെ സിപിഐ സ്വീകരിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. സിപിഎമ്മിൽ നിന്ന് പുറത്താക്കിയവർ ഉൾപ്പെടെ ഉദയംപേരൂരിൽ നിന്ന് 500 ഓളം പേർ കഴിഞ്ഞ ദിവസം സിപിഐയിൽ ചേർന്നിരുന്നു. ഇതിനായി സംഘടിപ്പിച്ച യോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുത്തിരുന്നു. കാനമാണ് സിപിഎം നേതാവായിരുന്ന രഘുവരനെയും ജോണിനെയും മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഇത് സിപിഎമ്മിനെ ചൊടിപ്പിച്ചു. ഇതേത്തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് കാനത്തിനും സിപിഐക്കുമെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് എത്തി. കാനം ഇടത് ഐക്യം തകർക്കാൻ ശ്രമിക്കുകയാണെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. രക്തസാക്ഷിയുടെ ഭാര്യയോട് തെറ്റായ സമീപനം സ്വീകരിക്കുകയും വർഗശത്രുക്കളെ സ ഹായിക്കുകയും ചെയ്തവരെയാണ് കാനം മാലയിട്ട് സ്വീകരിച്ചതെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. എന്നാൽ സിപിഎം പ്രസ്താവനക്കെതിരെ സിപിഐ ജില്ലാ കമ്മറ്റി രംഗത്തുവന്നു. ഇടതു ഐക്യത്തിന്റെ പ്രാധാന്യം കാനം രാജേന്ദ്രനെയും സിപിഐയെയും പഠിപ്പിക്കാൻ സിപിഎം തയ്യാറാകേണ്ടന്നാണ് ജില്ലാ സെക്രട്ടറി പി.രാജു ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊളിച്ചിട്ട് കാര്യമില്ലെന്നാണ് സിപിഐ പറയുന്നത്. സിപിഎം വിട്ട് പോകുന്നവരെല്ലാം മോശക്കാരും സിപിഎമ്മിൽ ചേരുന്നവർ എല്ലാവരും നല്ലവരാണെന്നുമുള്ള നിലപാട് ആടിനെ പട്ടിയാക്കി പേപ്പട്ടിയാക്കുന്നതിന് തുല്യമാണ്. ഇടത് ഐക്യം സിപിഎമ്മിന്റെ കുത്തകയല്ലെന്നും സിപിഐ പ്രസ്താവനയിൽ പറയുന്നു. സിപിഎമ്മിനുള്ളിലെ കടുത്ത വിഭാഗീയത മൂലം ഉദയംപേരൂർ, പള്ളുരുത്തി, മുളന്തുരുത്തി, നേര്യമംഗലം, കവളങ്ങാട്, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിൽ നിന്നും നൂറ് കണക്കിന് പ്രവർത്തകർ മറ്റ് പാർട്ടികളിൽ ചേർന്നിരുന്നു. ഇരു പാർട്ടികളും തമ്മിലുള്ള പോര് വരുംദിവസങ്ങളിൽ സംസ്ഥാനതലത്തേക്ക് നീങ്ങാനാണ് സാധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.