മന്‍ കീ ബാത് :ഗര്‍ഭിണികള്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന

Monday 1 August 2016 12:52 am IST

ന്യൂദല്‍ഹി: ഗര്‍ഭിണികള്‍ക്ക് എല്ലാ ഒന്‍പതാം തീയതികളിലും മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ആരോഗ്യ പരിശോധന ഏര്‍പ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി വര്‍ഷം 12 ദിവസങ്ങള്‍ നീക്കിവെയ്ക്കാന്‍ ഗൈനക്കോളജിസ്റ്റുകളോട് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ അഭ്യര്‍ത്ഥിച്ചു. ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ ഇതിനായി മുന്നിട്ടിറങ്ങിക്കഴിഞ്ഞു. പ്രതിവര്‍ഷം മൂന്ന് കോടി സ്ത്രീകളാണ് ഭാരതത്തില്‍ ഗര്‍ഭം ധരിക്കുന്നത്. എന്നാല്‍ ചിലര്‍ പ്രസവസംബന്ധമായ സങ്കീര്‍ണ്ണതകള്‍ മൂലം മരിക്കുന്നു. ഇതൊഴിവാക്കാന്‍ ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ യജ്ഞം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ മാസവും ഒന്‍പതാം തീയതി സൗജന്യമായി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന ലഭ്യമാക്കുന്നതാണ് പദ്ധതി. ലക്ഷക്കണക്കിന് ഡോക്ടര്‍മാര്‍ കൈകോര്‍ത്താല്‍ മാത്രമേ ഈ യജ്ഞം പൂര്‍ത്തിയാകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാതെ ആന്റിബയോട്ടിക്കരുത്. അത് താല്‍ക്കാലിക ആശ്വാസമേ നല്‍കൂ. എന്നാല്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ അത്രയും എണ്ണം കഴിക്കുകയും വേണം, അദ്ദേഹം പറഞ്ഞു. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനോടുള്ള ആദര സൂചകമായി അടല്‍ ഇന്നവേഷന്‍ മിഷന്‍ (എയിം) വിജയകരമായി നടപ്പാക്കണമെന്ന് മോദി പറഞ്ഞു. വരുംതലമുറയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച അടല്‍ തിങ്കെറിങ് ലാബുകള്‍ സ്ഥാപിക്കാന്‍ വിദ്യാലയങ്ങള്‍ക്ക് 10ലക്ഷം രൂപയുടെ പ്രാരംഭ സഹായവും തുടര്‍ന്നുള്ള അഞ്ചുവര്‍ഷത്തെ നടത്തിപ്പ് ചെലവിന് വീണ്ടും 10 ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ നല്‍കും. പദ്ധതി പ്രഖ്യാപിച്ചയുടന്‍ തന്നെ തിങ്കറിങ് ലാബുകള്‍ക്കായി 13,000-ല്‍ ഏറെ അപേക്ഷകള്‍ ലഭിച്ചത് സന്തോഷകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡെങ്കിപ്പനിയില്‍ നിന്നും സുരക്ഷിതമായി മാറിനില്‍ക്കുന്നതിനാവശ്യമായ നടപടികള്‍ എല്ലാവരും സ്വീകരിക്കണമെന്നും മൊബൈല്‍ വഴിയും ഇമെയില്‍ വഴിയും നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി, ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നടത്തുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലുള്‍പ്പെടുത്താന്‍ വിഷയങ്ങള്‍ നിര്‍ദ്ദേശിക്കാനും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. റിയോ ഒളിമ്പിക്‌സിന് പോകുന്ന കായിക താരങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും മോദി നേര്‍ന്നു. വരുംദിനങ്ങളില്‍ നമ്മുടെ കായികതാരങ്ങള്‍ക്ക് ആവേശം പകരാന്‍ എല്ലാവരും ശ്രമിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.