ദേശദ്രോഹ ശക്തികളെ ചെറുത്തുതോല്‍പ്പിക്കണം: പൂര്‍വ്വ സൈനിക സേവാ പരിഷത്ത്

Monday 1 August 2016 10:02 am IST

കോഴിക്കോട്: ദേശദ്രോഹ ശക്തികളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സേതുമാധവന്‍ ആവശ്യപ്പെട്ടു. പൂര്‍വ്വ സൈനിക സേവാ പരിഷത്ത് കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേശദ്രോഹ ശക്തികള്‍ക്കെതിരെ പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുന്നതില്‍ പൂര്‍വ്വ സൈനികര്‍ക്ക് പ്രധാന പങ്കു വഹിക്കാന്‍ കഴിയും. സൈന്യത്തില്‍ സേവനം ചെയ്ത സമയത്ത് അവര്‍ക്ക് ലഭിച്ച കാഴ്ചപ്പാടുകളും മൂല്യങ്ങളും സ്വന്തം കുടുംബത്തിനെന്ന പോലെ സമൂഹത്തിനും പകര്‍ന്നു നല്‍കണം. സമകാലിക സാഹചര്യത്തില്‍ പൂര്‍വ്വ സൈനികര്‍ക്ക് ഒട്ടനവധി കാര്യങ്ങള്‍ നാടിനുവേണ്ടി ചെയ്യാന്‍ കഴിയും. രാഷ്ട്രത്തിനാണ് പ്രഥമ സ്ഥാനം നല്‍കേണ്ടത്. അതിനു ശേഷമേ മറ്റെന്തിനും സ്ഥാനമുള്ളു. ഏകാത്മ മാനവദര്‍ശനം ലോകത്തിന് നല്‍കിയ നാടാണ് ഭാരതം. നമ്മള്‍ എല്ലാത്തിനെയും കൈനീട്ടി സ്വീകരിച്ചിട്ടേ ഉള്ളു. എല്ലാവരെയും ഉള്‍ക്കൊള്ളാനാണ് നമ്മള്‍ എന്നും ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനിക ക്ഷേമ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കേണല്‍ പി. കെ. പി. വി. പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി റിട്ട. കേണല്‍ എം. ഗോപി അദ്ധ്യക്ഷത വഹിച്ചു. ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി. പി. എസ്എസ് പി സംസ്ഥാന ജനറല്‍ സെക്രട്ടറി വേലായുധന്‍ കളരിക്കല്‍, കേണല്‍ പി.എന്‍. ആയില്യത്ത്, കേണല്‍ പി. കെ. എസ്. നായര്‍, ക്യാപ്റ്റന്‍ സി.കെ. എന്‍. നായര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പി. എസ്എസ്പി ജില്ലാ ജനറല്‍ സെക്രട്ടറി പി.പി. വിജയന്‍ റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ എന്‍. ശിവാനന്ദന്‍ വരവു ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രാജന്‍ നായര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.