പാവക്കുളത്ത്‌ മഹാശിവപുരാണ സമീക്ഷ സമാപിച്ചു

Wednesday 6 July 2011 10:20 am IST

കൊച്ചി: പാവക്കുളം മഹാദേവക്ഷേത്രത്തില്‍ നടന്നു വന്ന ശ്രീമഹാശിവപുരാണ സമീക്ഷ 11-ാ‍ം ദിവസമായ ഇന്നലെ സമാപിച്ചു. കഴിഞ്ഞ 11 ദിവങ്ങളിലായി യജ്ഞാചാര്യന്‍ ഭാഗവതമയൂരം വെള്ളാനതുരുത്ത്‌ ജി.ബാബുരാജിന്റെ നേതൃത്വത്തില്‍ മഹാമൃത്യുഞ്ജഹോമം, മഹാലക്ഷ്മീ പൂജ, ശിവപാര്‍വ്വതീപരിണയം, തുളസീപരിണയം, ചരുഹോമം, ഗതിപൂജതുടങ്ങിയവ നടന്നു.
സമാപനദിവസമായ ഇന്നലെ രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമത്തോടുകൂടി ആരംഭിച്ച്‌ ഗ്രഹദോഷനിവാരണത്തിനുവേണ്ടിനടന്ന ചക്രാബ്ജപൂജയോടെ സമാപിച്ചു.
ശിവപുരാണ സമര്‍പ്പണത്തിനു മുന്നോടിയായി യജ്ഞാചാര്യന്റെ നേതൃത്വത്തില്‍ ശിവലിംഗം വാദ്യമേളങ്ങളോടെ ആനയിച്ച്‌ ക്ഷേത്രപ്രദക്ഷിണത്തിനു ശേഷം യജ്ഞശാലയില്‍ കൊണ്ടുവന്ന അവഭൃഥസ്നാനം ദീപസമര്‍പ്പണം എന്നിവ നടത്തി. ആചാര്യദക്ഷിണയ്ക്കുശേഷം നടന്ന പ്രസാദ ഊട്ടില്‍ ആയിരക്കണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്തു.
ചടങ്ങുകള്‍ക്ക്‌ ക്ഷേത്രക്കമ്മറ്റി പ്രസിഡന്റ്‌ കെഎഎസ്‌ പണിക്കര്‍, സെക്രട്ടറി കെ.പി.മാധവന്‍കുട്ടി, കമ്മറ്റി അംഗങ്ങളായ നന്ദകുമാര്‍, സോമകുമാര്‍, ശ്രീകുമാര്‍, പ്രതാപന്‍, വിശ്വനാഥന്‍, രാമകൃഷ്ണന്‍, സുധാകരന്‍, ബാലകൃഷ്ണകമ്മത്ത്‌, സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.