വാഹനപരിശോധനയ്ക്കിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

Monday 1 August 2016 9:15 pm IST

പോലീസ് പിടിയിലായ നെബു

ചേര്‍ത്തല: വാഹനപരിശോധനക്കിടെ കുപ്രസിദ്ധ മോഷ്ടാവിനെ അര്‍ത്തുങ്കല്‍ പോലീസ് പിടികൂടി. എറണാകുളത്തുനിന്ന് മോഷ്ടിച്ചെടുത്ത ബൈക്കും പിടിച്ചെടുത്തു. ചേര്‍ത്തല മുനിസിപ്പല്‍ 14-ാം വാര്‍ഡില്‍ തോപ്പുവെളി നെബു(32) ആണ് പിടിയിലായത്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ അരീപ്പറമ്പ് സ്‌കൂളിന് സമീപം പട്രോളിങ്ങിനിടെയാണ് ഇയാള്‍ കുടുങ്ങിയത്. വാഹനത്തിന്റെ രേഖകളൊന്നും ഉണ്ടായിരുന്നില്ല. നെബുവിനൊപ്പം ഉണ്ടായിരുന്ന മാരാരിക്കുളം സ്വദേശി ഓടിരക്ഷപ്പെട്ടു. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ബൈക്ക് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞു. പ്രതിയെ എറണാകുളം സെന്‍ട്രല്‍ പോലീസിന് കൈമാറി.
ഓടിരക്ഷപ്പെട്ടയാളെ പോലീസ് തെരയുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അര്‍ത്തുങ്കല്‍ എസ്‌ഐ മൃദുലകുമാറിന്റെ നേതൃത്വത്തില്‍ നടന്ന രാത്രികാല പട്രോളിങ്ങിനിടെയാണ് പ്രതി പിടിയിലായത്. എറണാകുളം, കുത്തിയതോട്, ചേര്‍ത്തല, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളിലിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് നെബുവെന്ന് പോലീസ് പറഞ്ഞു. കുത്തിയതോട് ഭാഗത്ത് ഗൃഹനാഥനെ മയക്കി 35 പവന്റെ ആഭരണങ്ങള്‍ കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അരീപ്പറമ്പ് മേഖലയില്‍ മോഷണത്തിനെത്തിയപ്പോഴാണ് പിടിയിലായതെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.