എക്‌സൈസിനെ ആക്രമിച്ച കേസ് മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍; ഒളിച്ച് കളിച്ച് പോലീസ്

Monday 1 August 2016 9:21 pm IST

മാവേലിക്കര: തെക്കേക്കര പഞ്ചായത്തില്‍ ചൂരല്ലൂര്‍ എല്‍ഐസി കോളനിയില്‍ അനധികൃത മദ്യവില്‍പ്പന പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം ഏഴായി. എന്നാല്‍ സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും കേസില്‍ പോലീസ് ഒളിച്ചു കളി തുടരുകയാണ്. അവസാനം പിടികൂടിയ മൂന്ന് പ്രതികളുടെ വിവരം പോലീസ് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. മുപ്പതോളം പേര്‍ പ്രതികളാണെന്നായിരുന്നു ആദ്യം പോലീസിന്റെ വിശദീകരണം. എന്നാല്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇതിനു ശേഷം മാത്രമെ എത്ര പ്രതികള്‍ ഉണ്ടെന്ന് പറയാന്‍ സാധിക്കുകയുള്ളുവെന്നാണ് ഇപ്പോള്‍ പോലീസിന്റെ നിലപാട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാവേലിക്കര റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ശിവപ്രസാദ് ഇപ്പോഴും ചികിത്സയിലാണ്. അറസ്റ്റിലായവരിലും ആരോപണ വിധേയരായ പ്രതികളില്‍ ചിലരും മുന്‍പ് പോലീസുകാരനെ മര്‍ദ്ദിച്ച കേസിലെയും പ്രതികളാണ്. പിടിയിലാകാനുള്ള പ്രതികളില്‍ പലരും ഇപ്പോഴും കോളനിയില്‍ തന്നെ ഉണ്ട്. ഇവരെ കുറിച്ച് കുറത്തികാട് പോലീസില്‍ വിവരം നല്‍കിയാല്‍ അന്വേഷണ ചുമതല തങ്ങള്‍ക്കല്ലെന്നു പറഞ്ഞ് ഒഴിയുകയാണെന്നും ആക്ഷേപമുണ്ട്. സംഭവത്തെ തുടര്‍ന്ന് ഒരാഴ്ച നിര്‍ത്തി വച്ചിരുന്നെങ്കിലും കോളനിയില്‍ വീണ്ടും വ്യാജമദ്യവില്‍പ്പന മറ്റൊരാള്‍ ആരംഭിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ചില നേതാക്കളുടെ സമ്മര്‍ദ്ദമാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറെ ഉള്‍പ്പെടെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ രക്ഷപെടുത്താന്‍ പോലീസ് നീക്കം നടത്തുന്നതിനു പിന്നിലെന്നും ഇടപെടലുകളെ തുടര്‍ന്ന് എക്‌സൈസും കേസിന്റെ തുടര്‍ നടപടികളില്‍ ഇപ്പോള്‍ വലിയ താത്പര്യം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.